മലപ്പുറം: എളങ്കൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടുംപാടം സ്വദേശിനി വിഷ്ണുജ(25)യുടെ മരണത്തിലാണ് ഭർത്താവ് പ്രബിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ ആത്മഹത്യാപ്രേരണ, ഗാർഹികപീഡനം, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തരമായ മാനസികപീഡനത്തെ തുടർന്നാണ് വിഷ്ണുജ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. സൗന്ദര്യമില്ലെന്നും ജോലിയില്ലെന്നും പറഞ്ഞ് വിഷ്ണുജയെ പ്രബിൻ നിരന്തരം അപമാനിച്ചെന്നാണ് പരാതി. സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചെന്നും കുടുംബം പരാതിപ്പെട്ടിരുന്നു.
2023 മെയ് മാസത്തിലാണ് പ്രബിനും വിഷ്ണുജയും വിവാഹിതരായത്. പ്രബിൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. വിവാഹം കഴിഞ്ഞതുമുതൽ പ്രബിൻ വിഷ്ണുജയെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് കുടുംബം പറയുന്നത്.
വിവാഹം കഴിഞ്ഞ തൊട്ടടുത്തദിവസം തന്നെ ‘എന്റെ ജോലി കണ്ടിട്ട് എന്റെ കൂടെ വരേണ്ട, നീ സ്വന്തമായി ഒരു ജോലി വാങ്ങിക്കോ’ എന്ന് പ്രബിൻ പറഞ്ഞിരുന്നതായി വിഷ്ണുജയുടെ അച്ഛൻ വാസുദേവൻ പ്രതികരിച്ചു. അതിനുശേഷം ഒരു ജോലിക്കായി വിഷ്ണുജ കഠിനാധ്വാനം ചെയ്യുകയായിരുന്നു. വിഷ്ണുജയ്ക്ക് സൗന്ദര്യമില്ലെന്നായിരുന്നു പ്രബിന്റെ മറ്റൊരു കുറ്റപ്പെടുത്തൽ. സൗന്ദര്യമില്ലെന്ന് പറഞ്ഞ് ബൈക്കിൽ ഒപ്പം കയറ്റാറില്ലെന്നും ഏറെ സങ്കടമാണ് മകൾ അനുഭവിച്ചിരുന്നതെന്നും പിതാവ് പറഞ്ഞു.