കാമുകന്റെ ക്രൂരപീഡനത്തിന് ഇരയായി പോക്സോ കേസ് അതിജീവിത മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കഴുത്തിൽ ഷാൾ മുറുകിയത് മൂലമുണ്ടായ മസ്‌തിഷ്‌ക മരണമാണ് സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടന്നു. ദേഹമാസകലം മുറിപ്പാടുണ്ടെന്ന് ചോറ്റാനിക്കര സിഐ എൻ കെ മനോജ് പറഞ്ഞു.
പെൺകുട്ടിയുടെ സംസ്‌കാരം നടത്തി. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ ബന്ധുക്കളും നാട്ടുകാരും ആദരാഞ്ജലി അർപ്പിച്ചു. അനൂപ് ജേക്കബ് എംഎൽഎയും ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.പെൺകുട്ടിക്ക് വൈദ്യസഹായം നിഷേധിച്ചതും മരണകാരണമായതായി സിഐ പറഞ്ഞു. പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ വകുപ്പ് ചുമത്തും. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും സിഐ വ്യക്തമാക്കി. പ്രതി തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് വീട്ടിൽ അനൂപ് നിലവിൽ റിമാൻഡിലാണ്. ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് 2.15ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു. കഞ്ചാവ് കേസിലും അടിപിടി കേസിലും പ്രതിയായ അനൂപിന് ഒരു വർഷത്തോളമായി പെൺകുട്ടിയുമായി അടുപ്പമുണ്ട്. പെൺകുട്ടിക്ക് അമ്മ മാത്രമേയുള്ളൂ. കാക്കനാട് എക്സ് സർവീസുകാരുടെ വിധവകൾക്കുള്ള ഫ്ളാറ്റിലായിരുന്നു താമസം.
ശനിയാഴ്ച രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയ അനൂപ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആത്മഹത്യാഭീഷണി മുഴക്കിയ പെൺകുട്ടി കഴുത്തിൽ കുരുക്കിട്ടപ്പോൾ `പോയി ചത്തോ’ എന്നും പറഞ്ഞു. ഫാനിൽ തൂങ്ങിയപ്പോൾ അനൂപ് ഷാൾ മുറിച്ചിട്ടു. താഴെ വീണപ്പോൾ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണമായത്. പെൺകുട്ടി മറ്റ് സുഹൃത്തുക്കളോട് സംസാരിക്കുന്നത് അനൂപിന് ഇഷ്ടമല്ലായിരുന്നു. ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനാലാണ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. വാതിൽ തുറന്നയുടൻ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മർദ്ദിക്കുകയായിരുന്നു.