പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പിന്റെ അമരക്കാരനുമായിരുന്ന രത്തൻ ടാറ്റ അന്തരിച്ചു. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്‌നങ്ങൾ മൂലമാണ് മരണം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ച് തന്റെ 86ആം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നേരത്തെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്തകൾ വന്നിരുന്നു.
നേരത്തെ തന്നെ രത്തൻ ടാറ്റായുടെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിരുന്നു. ഈ ആഴ്‌ചയുടെ തുടക്കത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തകൾ വന്നിരുന്നെങ്കിലും അത് രത്തൻ ടാറ്റയുടെ സമൂഹ മാധ്യമ പേജിലൂടെ തന്നെ തള്ളിയിരുന്നു. സാധാരണ ചെക്കപ്പിനായാണ് ആശുപത്രിയിൽ എത്തിയതാണ് എന്നായിരുന്നു വിവരം.
പ്രമുഖ വ്യവസായിയും ആർപിജി ഗ്രൂപ്പിന്റെ ചെയർമാനുമായ ഹർഷ ഗോയെങ്കെ രത്തൻ ടാറ്റായുടെ മരണം സ്ഥിരീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്‌തിരുന്നു. ബിസിനസ് ലോകത്തും അല്ലാതെയും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച രത്തൻ ടാറ്റ മായാത്ത വഴിവിളിക്കായിരുന്നു എന്ന് അദ്ദേഹം തന്റെ ട്വീറ്റിൽ പറയുന്നു. എക്കാലവും അദ്ദേഹം മനസുകളിൽ ജീവിക്കുമെന്നും ഗോയെങ്കെയുടെ ട്വീറ്റിൽ പറയുന്നു.
ടാറ്റ സൺസ് ചെയർമാൻ ചന്ദ്രശേഖരനും രത്തൻ ടാറ്റയുടെ മരണവിവരം അറിയിച്ചുകൊണ്ട് പോസ്‌റ്റ് പങ്കുവച്ചിരുന്നു. ‘അഗാധമായ നഷ്‌ടബോധത്തോടെയാണ്, ടാറ്റ ഗ്രൂപ്പിനെ മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ ഘടനയെയും രൂപപ്പെടുത്തിയ, അളവറ്റ സംഭാവനകൾ നൽകിയ, അസാധാരണ നേതാവായിരുന്ന ശ്രീ. രത്തൻ ടാറ്റയോട് ഞങ്ങൾ വിടപറയുന്നു.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്‌റ്റ്.
