തിരുവനന്തപുരം: ഡിഎംകെ യുടെ ഷാള്‍ അണിഞ്ഞ് കയ്യില്‍ ചുവന്ന തോര്‍ത്തുമായിട്ടാണ് പി വി അന്‍വര്‍ നിയമസഭയിലേക്ക് എത്തിയത്. സാധാരണക്കാരായ ചുമട്ടു തൊഴിലാളികളുടേയും, മറ്റു തൊഴിലാളി സമൂഹത്തിന്റേയും, രക്തസാക്ഷികളായ സഖാക്കളുടേയും പ്രതീകമാണ് ചുവന്ന തോര്‍ത്ത്. അതുകൊണ്ടു തന്നെ ഏറെ ആദരവോടെയാണ് ചുവന്ന തോര്‍ത്ത് കയ്യില്‍ കരുതിയതെന്നും അന്‍വര്‍ പറഞ്ഞു. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാന്‍ സ്പീക്കര്‍ അനുവദിച്ച് കത്തു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നിരയില്‍ ഇരിക്കാനാണ് സ്പീക്കര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സര്‍വതന്ത്രസ്വതന്ത്രനായി ജയിച്ച എംഎല്‍എയാണ്. അതുകൊണ്ടു തന്നെ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്തു നല്‍കി. ഇതിന്‍ പ്രകാരമാണ് പ്രത്യേക ബ്ലോക്ക് അനുവദിച്ചു തന്നത്. എന്നാല്‍ നിയമസഭയില്‍ ചെല്ലുമ്പോള്‍ എന്താണ് സംഭവിക്കുകയെന്ന് അറിയില്ല. അതിനാലാണ് തോര്‍ത്ത് കരുതിയതെന്നും അന്‍വര്‍ പറഞ്ഞു.

പൊലീസില്‍ വിശ്വാസമില്ലെന്ന് അന്‍വര്‍ വ്യക്തമാക്കി. പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്നിടത്തോളം കാലം പൊലീസില്‍ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പായി. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടത്. എന്നാല്‍ സ്വര്‍ണക്കടത്ത് അടക്കമുള്ള ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തില്‍ തനിക്ക് വിശ്വാസമില്ലെന്ന് അന്‍വര്‍ പറഞ്ഞു.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കോടതിയെ സമീപിച്ചാല്‍, അന്വേഷണം നടക്കുന്നതിനാല്‍ അതു കഴിയട്ടെ എന്നാകും കോടതി പറയുക എന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്. ഡിജിപി ഈ വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം വേണമെന്ന നിലപാടുള്ള ആളാണ്. എന്നാല്‍ അന്വേഷണം നടത്തുന്ന താഴേത്തട്ടിലുള്ള പൊലീസ് ഉദ്യോഗസ്ഥരില്‍ പലരും നൊട്ടോറിയസ് ക്രിമിനലായ എംആര്‍ അജിത് കുമാറിന്റെ സംഘവുമായി ബന്ധമുള്ളവരായതിനാല്‍ അന്വേഷണം ഏതു ദിശയിലായിരിക്കുമെന്ന് സംശയമുണ്ട്.

സ്വര്‍ണക്കള്ളക്കടത്തില്‍ 150 ഓളം കേസുകള്‍ കരിപ്പൂരില്‍ ബുക്ക് ചെയ്തിട്ടുള്ളതായി മുഖ്യമന്ത്രി തന്നെയാണ് പറഞ്ഞത്. ഈ പറഞ്ഞ യാത്രക്കാരില്‍ 10-15 പേരെയെങ്കിലും വിളിച്ച് ചോദിച്ചാല്‍ ആരാണ് സ്വര്‍ണം നല്‍കിയത്, ആര്‍ക്ക് കൊടുത്തു എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് വിശദമായി അന്വേഷിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗവര്‍ണറെ ധരിപ്പിക്കുകയും, ഇതുമായി ബന്ധപ്പെട്ട് റിട്ട് പെറ്റീഷന്‍ രാജ്ഭവനില്‍ നിന്നും ഹൈക്കോടതിയില്‍ നല്‍കിയാല്‍ കോടതി കൂടുതല്‍ ഗൗരവത്തോടെ കാണും. അതിനായി ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചുവെന്ന് അന്‍വര്‍ പറഞ്ഞു.

ഇപ്പോള്‍ എഡിജിപി അജിത് കുമാറിനെ കസേരയില്‍ നിന്നും മാറ്റിയത് പൂരം കലക്കലുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ്. പൂരം കലക്കലില്‍ അജിത് കുമാറിന്റെ ഇടപെടലിന്റെ ഗ്രാവിറ്റി ഡിജിപി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യത്തക്ക രീതിയിലുള്ള നടപടി വേണമെന്നാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. ആ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിരിക്കുകയാണ്. ആ റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ ഡിജിപിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഡിജിപി ഇതുവരെ വഴങ്ങാന്‍ തയ്യാറായിട്ടില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കാന്‍ നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞെങ്കിലും പ്രത്യേക അന്വേഷണ സംഘം ഇതുവരെ നല്‍കിയിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed