മുറിച്ചാൽ മുറികൂടുന്ന വില്ലൻ, അതായിരുന്നു മോഹൻരാജ് കിരീടം സിനിമയിൽ അവതരിപ്പിച്ച കീരിക്കോടൻ ജോസ് എന്ന കഥാപാത്രം. 1989 ജൂലൈ 7നായിരുന്നു ‘കിരീട’ത്തിന്റെ പിറവി. മകനെ എസ് ഐ ആയി കാണാന്‍ ആഗ്രഹിച്ച ഹെഡ് കോണ്‍സ്‌ററബിള്‍ അച്യുതന്‍ നായരുടേയും (തിലകൻ) അച്ഛന്റെ ആഗ്രഹം സഫലമാക്കാന്‍ മോഹിച്ച് ഒടുവില്‍ കൊലപാതകിയായി തീര്‍ന്ന സേതുമാധവന്റേയും (മോഹൻലാൽ) കഥയാണ് കീരീടം. സേതുമാധവന്റെ ജീവിതം തകർത്ത കീരിക്കോടൻ ജോസിനെപോലെ മലയാളികൾ വെറുത്തിരുന്ന വില്ലൻ കഥാപാത്രം വേറെയുണ്ടോ എന്ന് സംശയമാണ്.

സിനിമയുടെ പോസ്റ്ററിലെ വാചകങ്ങൾ വില്ലൻ കഥാപാത്രത്തെ എടുത്ത് കാട്ടുന്നതാണ്. ‘ആറടി ഉയരവും മുട്ടോളം നീണ്ട കൈകളും കരിങ്കല്ലിന്റെ കാഠിന്യമുള്ള മനസ്സുമായി കീരിക്കാടൻ ജോസ്…. മുറിച്ചിട്ടാൽ മുറികൂടുന്ന ജോസ്!…. തട്ടിമാറ്റിയിട്ടും മാറാത്ത കിരീടവുമായി സേതുമാധവൻ…!’- ഇതായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ.

സിബി മലയിലിന്റെ സംവിധാനമികവും എസ് കുമാറിന്‍റെ ക്യാമറയും തിലകനും മോഹൻലാലും ഉള്‍പ്പെടെയുള്ള എല്ലാ അഭിനേതാക്കളും ചേർന്നപ്പോൾ കിരീടം മലയാള സിനിമയിലെ തന്നെ മികച്ചൊരു ചിത്രമായി. എൻ കൃഷ്ണകുമാർ, ദിനേഷ് പണിക്കർ എന്നിവർ ചേര്‍ന്നായിരുന്നു സിനിമയുടെ നിർമാണം. കൈത്രപ്രവും ജോൺസൺ മാഷും കൂടി ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും മലയാളികളുടെ ഹൃദയത്തിലിടം നേടി. ഇതിനൊപ്പം എടുത്തു പറയേണ്ട പേരുതന്നെയാണ് മോഹൻരാജിന്റെ കീരിക്കാടൻ ജോസും.

മോഹന്‍ലാല്‍-തിലകന്‍ ഓണ്‍സ്‌ക്രീന്‍ രസതന്ത്രം സൃഷ്ടിച്ച മനോഹര ഭാവമുഹൂര്‍ത്തങ്ങളുടേതാണ് ഈ സിനിമ. ഇതിനൊപ്പം ചേർത്തുവയ്ക്കാവുന്ന പ്രകടനം തന്നെയായിരുന്നു മോഹൻരാജിന്റേതും.

മോഹൻലാലിനൊപ്പം പിന്നീട് പലപ്പോഴും സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടപ്പോഴും പടം സൂപ്പർ ഹിറ്റായി. മോഹൻലാലിന്റെ നായക കഥാപാത്രത്തിന്റെ ഇടിമേടിച്ചുകൂട്ടുന്ന വില്ലനായി മോഹൻരാജിനെ കാണാൻ പ്രേക്ഷകർ ആഗ്രഹിച്ചു. ആറാം തമ്പുരാനിലും നരസിംഹത്തിലും നരനിലും എല്ലാം ഇതു കണ്ടതാണ്. എന്നാൽ ഹലോ എന്ന സിനിമയിൽ നായകനൊപ്പം തോളോട് തോൾ ചേർക്കുന്ന കഥാപാത്രമായി. എന്നാൽ, കീരിക്കാടൻ ജോസ് എന്ന കഥാപാത്രം മോഹൻരാജിനെക്കാളും വളർന്നുവലുതായത് നടനെന്ന നിലയിൽ തിരിച്ചടിയായി. തേടിയെത്തിയ പല കഥാപാത്രങ്ങളും കീരിക്കാടനോടുള്ള സാമ്യമുള്ളതായിരുന്നു.

1988 ല്‍ പുറത്തിറങ്ങിയ മൂന്നാം മുറ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മോഹന്‍ രാജ് പിന്നീട് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി. അര്‍ത്ഥം, വ്യൂഹം, രാജവാഴ്ച, മറുപുറം, പുറപ്പാട്, കാസര്‍കോട് കാദര്‍ഭായ്, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ചെങ്കോല്‍, ആറാം തമ്പുരാന്‍, വാഴുന്നോര്‍, പത്രം, നരസിംഹം, നരന്‍, മായാവി തുടങ്ങി 35ഓളം മലയാള ചിത്രങ്ങളുടെ ഭാഗമായി.

2008ന് ശേഷം രണ്ട് മലയാള ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചത്. 2015 ല്‍ ചിറകൊടിഞ്ഞ കിനാക്കളില്‍ അഭിനയിച്ച മോഹന്‍ രാജ് 2022ല്‍ മമ്മൂട്ടിയുടെ റോഷാക്കിലും പ്രത്യക്ഷപ്പെട്ടു. റോഷാക്കില്‍ ഗ്രേസ് ആന്റണിയുടെ അച്ഛനായ വിശ്വനാഥന്‍ എന്ന കഥാപാത്രമായിരുന്നു. ഒമ്പത് തമിഴ് ചിത്രങ്ങളുടേയും 31 തെലുങ്ക് ചിത്രങ്ങളുടേയും ഭാഗമായി.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed