അപൂർവനേട്ടവും അഭിനന്ദനവുമെല്ലാം ശരി. പക്ഷേ അത് ഏറ്റുവാങ്ങാൻ മനസനുവദിക്കാത്ത സമയത്താണ് അറിയിപ്പെത്തുന്നതെങ്കിലോ . ഫോൺ പോലും എടുക്കില്ല. ബിജു ഋതിക് ചെയ്തതും അതുതന്നെ .

ഇന്ത്യയിൽ ആദ്യമായി ഒരു വ്യക്തിഗത യൂട്യൂബ് ചാനലിന് 5 കോടിയിലേറെ സബ്സ്ക്രൈബർമാരെ ലഭിച്ചത് കെ എൽ ബ്രോ ബിജു ഋതിക് ചാനലിനാണ് അപൂർവ നേട്ടം സ്വന്തമാക്കിയതിന് യൂട്യൂബിന്റെ തലപ്പത്ത് നിന്ന് വിളിവരുമ്പോൾ വയനാട്ടിലെ ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ കാക്കിയിട്ട് ബസിന്റെ വളയം പിടിക്കുകയായിരുന്നു ബിജു.

യൂട്യൂബർമാരുടെ കൂട്ടായ്‌മയിൽ 27 ലോഡ് സാധനങ്ങളാണ് ആ ദിവസങ്ങളിൽ ഇവർ കോഴിക്കോട് കലക്ടറേറ്റ് വഴി വയനാട്ടിലേക്ക് അയച്ചത്. ബിജുവിനെ അനുമോദിക്കാൻ മുബൈയിൽ ചടങ്ങ് സംഘടിപ്പിച്ചായിരുന്നു യുട്യൂബിൽ നിന്നുള്ള വിളി മുംബൈയിലേക്ക് വിമാനടിക്കറ്റ് ഉൾപ്പെടെ എടുത്തു നൽകിയെങ്കിലും ബിജുവിന് പോവാനായില്ല.

വയനാട് ദൗത്യം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയിട്ടും യൂട്യൂബിൽ നിന്ന് ഫോൺവിളികൾ വന്നുകൊണ്ടിരുന്നു. 5 കോടിയിലേറെ സബ്സ്ക്രൈബർമാരെ സ്വന്തമാക്കിയ ബിജു വരാത്തതുകൊണ്ട് മുംബൈയിൽ നിശ്ച‌യിച്ച പരിപാടി വരെ മാറ്റി. ഡൽഹിയിൽ വരാമോ എന്നായി അടുത്ത ചോദ്യം. അവസാനം നിർബന്ധം സഹിക്കവയ്യാതെ ഒറ്റയ്ക്ക് ഡൽഹിയിലേക്ക് പോവേണ്ടി വന്നു.

ഡൽഹിയിൽ എത്തിയപ്പോഴാണ് രാജ്യത്ത് ഏറ്റവുമധികം സബ്സ്ക്രൈബർമാരുള്ള യൂട്യൂബ് ചാനലിനുള്ള റൂബി പ്ലേ ബട്ടൻ സമ്മാനിക്കാനായിരുന്നു വിളികൾ എന്നു മനസ്സിലായത്. KL BRO Biju Rithvik ചാനലിന് ഇപ്പോൾ 5.35 കോടി സബ്സ്ക്രൈബർമാരാണുള്ളത്.

കെ എൽ ബ്രോ ബിജു ഋതിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ബിജുവും കുടുംബവും വിഡിയോസ് പങ്കുവയ്ക്കുന്നത്. ബിജുവും അമ്മയും ഭാര്യയും മകനും ആണ് പ്രധാനമായും കണ്ടന്റ് ചെയ്യാറുള്ളത്. കേരളത്തിലെ ആദ്യ ഒരു മില്യൺ യൂട്യൂബ് ചാനൽ ഇവരുടേതാണ്. ഇപ്പോഴിതാ അമ്പത് മില്യണ് (5.35 കോടി) സബ്ക്രൈബേഴ്സ് എന്ന നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ യൂട്യൂബ് അധികൃതർ ആണ് ഏറ്റവും കൂടുതൽ വില മതിപ്പിള്ള രണ്ടാമത്തെ യൂട്യൂബ് പ്ലേ ബട്ടൺ ഇവർക്ക് സമ്മാനിച്ചത്.

ഇന്ത്യയിൽ ഇതാദ്യമായാണ് ഇങ്ങനെ ഒരു പ്ലെ ബട്ടൻ ലഭിക്കുന്നതെന്ന് ബിജു പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം അൻപത് മില്യൺ സബ്സ്ക്രൈബേഴ്‌സ് ഉള്ള ഒരു യുട്യൂബ് ചാനൽ വീഡിയോയ്ക്ക് ശരാശരി വ്യൂസ് എന്നത് ഒരു മില്യൺ ആണ്. ഇതിലൂടെ നാൽപതിനായിരം മുതൽ നാല് ലക്ഷം വരെയാണ് വരുമാനമായി ലഭിക്കുക എന്നാണ് വിവരം.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *