രാജ്യത്ത് വിതരണത്തിലുള്ള ഉപ്പിലും പഞ്ചസാരയിലും മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുള്ളതായി പഠനം. വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലാതെ എല്ലാ ബ്രാൻ്റിലും പാക് ചെയ്തതും അല്ലാത്തതുമായ എല്ലാത്തിലും മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട് പറയുന്നത്. എൻവയോൺമെൻ്റൽ റിസർച്ച് ഓർഗനൈസേഷൻ ടോക്സിക്സ് ലിങ്കാണ് പഠനം നടത്തിയത്.

പത്ത് തരം ഉപ്പാണ് പഠന വിധേയമാക്കിയത്. ടേബിൾ സോൾട്ട്, റോക്ക് സോൾട്, സീ സോൾട്, ലോക്കൽ റോ സോൾട് എന്നിവയും ഓൺലൈനിലും പ്രാദേശിക മാർക്കറ്റിൽ നിന്നുമായി വാങ്ങിയ പഞ്ചസാരയിലുമാണ് പഠനം നടത്തിയത്. ഫൈബർ, പെല്ലെറ്റ്, ഫിലിം, ഫ്രാഗ്‌മെൻ്റ് രൂപത്തിലാണ് ഇതിലെല്ലാം മൈക്രോ പ്ലാസ്റ്റിക് കണ്ടെത്തിയത്. 0.1 മില്ലിമീറ്റർ മുതൽ 5 മില്ലി മീറ്റർ വരെ വലുപ്പമുള്ളതാണ് കണ്ടെത്തിയ മൈക്രോ പ്ലാസ്റ്റികെന്നും പഠനം പറയുന്നു.

അയോഡൈസ്‌സ് സോൾട്ടിലാണ് ഏറ്റവും കൂടുതൽ മൈക്രോ പ്ലാസ്റ്റിക് കണ്ടെത്തിയത്. വിവിധ നിറത്തിലുള്ള ഫൈബർ,ഫിലിം രൂപത്തിലായിരുന്നു ഇവ ഉണ്ടായിരുന്നത്. മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം ഒഴിവാക്കാൻ സഹായിക്കുന്ന വിധത്തിൽ ചർച്ചൾക്ക് തുടക്കം കുറിക്കാൻ പഠന റിപ്പോർട്ടുകൾക്ക് സാധിക്കുമെന്ന് ടോക്സിക്സ് ലിങ്ക് ഡയറക്ടർ രവി അഗർവാൾ പറഞ്ഞു. ഉപ്പിൽ കിലോഗ്രാമിൽ 6.71 മുതൽ 89.15 പീസ് മൈക്രോ പ്ലാസ്റ്റികാണ് കണ്ടെത്തിയത്. അയോഡൈസ്ഡ് സോൾട്ടിലായിരുന്നു ഏറ്റഴും കൂടിയ നിലയിൽ ഈ കണ്ടൻ്റ് കണ്ടെത്തിയതെന്നും രവി അഗർവാൾ പറഞ്ഞു.

ആഗോള തലത്തിൽ മൈക്രോ പ്ലാസ്റ്റിക് വലിയ ആശങ്ക പരത്തുമ്പോഴാണ് ഈ റിപ്പോർട്ടും പുറത്തുവരുന്നത്. മനുഷ്യൻ്റെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ഒരേപോലെ ബാധിക്കുന്നതാണ് മൈക്രോപ്ലാസ്റ്റിക്. ഇത് വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും വായുവിലൂടെയും മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നുണ്ട്. മനുഷ്യ ശരീരത്തിലെ ശ്വാസകോശം ഹൃദയം തുടങ്ങി മുലപ്പാലിൽ വരെ മൈക്രോ പ്ലാസ്റ്റികിൻ്റെ സാന്നിധ്യം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *