ചൂരല്‍മല ( വയനാട്) : ഒരിടത്തും തിരച്ചില്‍ അവസാനിപ്പിച്ചിട്ടില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി കെ രാജന്‍. ഇതുവരെ ആരും തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഇന്ന് വൈകീട്ട് സംസ്‌കരിക്കും. എല്ലാ മൃതദേഹങ്ങളും ഒരുമിച്ച് സംസ്‌കരിക്കുക ബുദ്ധിമുട്ടായതിനാല്‍ സംസ്‌കാരത്തിനായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വയനാട്ടിലെ ചൂരല്‍മലയില്‍ തിരച്ചില്‍ നടക്കുന്ന പ്രദേശത്ത് മന്ത്രി എകെ ശശീന്ദ്രനോടൊപ്പം സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി രാജന്‍. പുത്തുമലയിലെ ഭൂമിയില്‍ ഇതുവരെ തിരിച്ചറിയാത്ത 158 ശരീരഭാഗങ്ങളും 31 മൃതദേഹങ്ങളും വൈകീട്ട് മൂന്നു മണിയോടെ സംസ്‌കരിക്കും. ഓരോ ശരീരഭാഗവും പ്രത്യേകം പെട്ടികളിലാക്കിയാകും സംസ്‌കരിക്കുക.

സംസ്‌കരിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എ നമ്പര്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കും. സര്‍വമത പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാകും സംസ്‌കാരം നടക്കുക. ഇതില്‍ ഏതെങ്കിലും മൃതദേഹം ആരെങ്കിലും തിരിച്ചറിയാന്‍ കഴിയുമെങ്കില്‍ അതുകൂടി പരിഗണിച്ചാണ് സംസ്‌കാരം ഉച്ചകഴിഞ്ഞത്തേക്ക് മാറ്റിയത്. ഏതെങ്കിലും മൃതദേഹം തിരിച്ചറിഞ്ഞാല്‍ അതു ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്നും മന്ത്രി പറഞ്ഞു.

തിരച്ചില്‍ ഒരു സ്ഥലത്തും നിര്‍ത്തിയിട്ടില്ല. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്. ഡല്‍ഹിയില്‍ നിന്നും നാലു കഡാവര്‍ ഡോഗ്‌സ് കൂടി തിരിച്ചിലിനായി എത്തിയിട്ടുണ്ട്. ഇവയടക്കം 15 കഡാവര്‍ ഡോഗ്‌സ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നതിന് സഹായിക്കുന്നുണ്ട്. പലയിടത്തു നിന്നും വരുന്ന സിഗ്നലുകള്‍ മേജര്‍ ഇന്ദ്രപാലന്റെ നേതൃത്വത്തില്‍ പരിശോധിച്ചു വരികയാണ്.

അന്വേഷണത്തില്‍ പഴുതടച്ചുള്ള സംവിധാനമാണ് ആലോചിക്കുന്നത്. ഒരു സംവിധാനത്തിന്റെയും അന്വേഷണവും തിരച്ചിലും അവസാനിപ്പിച്ചിട്ടില്ല. പുതിയ കേന്ദ്രങ്ങളെക്കൂടി ആലോചിച്ചു കൊണ്ട് തിരച്ചില്‍ അവസാനഘട്ടത്തിലേക്ക് പോകുകയാണ്. മിസ്സിങ് കേസുകള്‍ 216 ല്‍ നിന്നും 180 ആയി കുറഞ്ഞിട്ടുണ്ട്. ഇനി പുതുതായി ഏതെങ്കിലും കേസുകള്‍ ഉയര്‍ന്നുവന്നാല്‍ അതു കൂടി പരിശോധിക്കും.

കാണാതായവരുടെ പട്ടിക തയാറാക്കുകയാണ് പ്രധാന ദൗത്യമെന്ന് മന്ത്രി രാജന്‍ പറഞ്ഞു. ഇതിനായി അങ്കണവാടി, ആശ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടും. ഇന്നലെ ആളുകള്‍ കണ്ടെത്തിയ മൃതദേഹം രാവിലെ എയര്‍ലിഫ്റ്റ് ചെയ്തുവെന്ന് മന്ത്രി രാജന്‍ പറഞ്ഞു. ചാലിയാര്‍ കേന്ദ്രീകരിച്ച് വ്യത്യസ്തമായ തരത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തേണ്ടതുണ്ടെന്ന് ബോധ്യമായി. അതിനായി എന്‍ഡിആര്‍എഫിന്റെ കൂടി സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed