ഒരു നാട് ഒന്നാകെ ഇല്ലാതായതിന് പിന്നാലെ കനിവുള്ള മനസുകളുടെ കരയായി മാറുകയാണ് കേരളം. സഹായഹസ്തവുമായി നിരവധി ആളുകളാണ് ദുരന്ത ഭൂമിയിലേക്ക് എത്തുന്നത്. വസ്ത്രവും ഭക്ഷണവും മാത്രമല്ല മാതാപിതാക്കളെ നഷ്ടപ്പെട്ട പിഞ്ചോമനകള്‍ക്ക് മുലപ്പാല്‍ വരെ നല്‍കാന്‍ സന്നദ്ധരായി നിരവധി ആളുകളാണ് എത്തുന്നത്. ഇപ്പോഴിതാ സ്വന്തം ആഗ്രഹം പോലും മാറ്റിവെച്ചു വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ എത്തിയിരിക്കുകയാണ് മുണ്ടക്കയം വണ്ടൻപതാലിലെ രണ്ട് കൊച്ചു കുരുന്നുകൾ.

വണ്ടൻപതാൽ എട്ടാം വാർഡിലെ താഴത്തുവീട്ടിൽ ബിനോജ്, ജയ ദമ്പതികളുടെ മക്കൾ അബിനയും, അയോണയും നൽകിയത് കുഞ്ഞു മനസിലെ സ്വപനത്തിന്റെ വിലയായിരുന്നു. വിനോദയാത്രക്കായി കരുതി വച്ചിരുന്ന കുടുക്കയിലെ സമ്പാദ്യമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി വാർഡ് മെമ്പർ ഫൈസൽ മോൻ, സുലോചന സുരേഷ് എന്നിവരുടെ സാന്നിധ്യത്തിൽ മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ അഹമ്മദിന് കൈമാറിയത്.

ഒരു ദുരന്തം വരുമ്പോൾ മലയാളികൾ ഒറ്റക്കെട്ടാണ്.അത് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.നഷ്ടപ്പെട്ട മനുഷ്യജീവനുകൾ തിരികെ നല്കാൻ സാധിക്കില്ലെങ്കിലും ഇട്ടിരിക്കുന്ന വസ്ത്രം മാത്രം ബാക്കിയായ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ജീവനുകളെ ചേർത്തുപിടിക്കാൻ തങ്ങളാൽ കഴിയുന്ന സഹായം നല്കാൻ ബാക്കിയുള്ള മനുഷ്യർക്ക് ഈ കുട്ടികൾ വലിയ പ്രചോദനമാണ്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *