ശസ്ത്രക്രിയയിലൂടെ 32കാരിയുടെ പിത്താശയത്തില്‍ നിന്ന് നീക്കം ചെയ്തത് 1,500 കല്ലുകള്‍. ഡല്‍ഹിയിലെ സര്‍ ഗംഗ റാം ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ​ഗുരു​ഗ്രാം സ്വദേശിനിയായ റിയ ശർമ ഡൽഹിയിൽ ഐടി ഉദ്യോ​ഗസ്ഥയാണ്. ഡൽഹിയിൽ താമസം ഒറ്റയ്ക്കായതു കൊണ്ട് പുറത്ത് നിന്നാണ് ഭക്ഷണം സ്ഥിരമായി കഴിച്ചിരുന്നതെന്ന് യുവതി പറയുന്നു.

നിരന്തരം ജങ്ക് ഫുഡും ധാരാളം കൊഴുപ്പുമടങ്ങിയ ഭക്ഷണങ്ങളും കഴിച്ച് യുവതിയുടെ വയറു വീര്‍ക്കുകയും ദഹന പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. വയറു വേദനയ്ക്ക് കഴിഞ്ഞ മൂന്ന്-നാല് മാസമായി ആന്റാസിഡ് സ്ഥിരമായി യുവതി എടുത്തിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

യുവതിയുടെ വയറിന്റെ വലതുഭാഗത്ത് മുകളിലായി അതിതീവ്രമായ വേദന അനുഭവപ്പെടുകയും പതിയെ ഈ വേദന പുറം ഭാഗത്തേക്കും ചുമരിലേക്കും പടര്‍ന്നതോടെയാണ് യുവതി ആശുപത്രിയില്‍ ചികിത്സയ്‌ക്കെതിയത്. ഇതോടൊപ്പം ഛര്‍ദ്ദിയും ഓക്കാനവും അനുഭവപ്പെട്ടിരുന്നതായും യുവതി പറയുന്നു. സ്‌കാനിങ്ങില്‍ പിത്താശയത്തില്‍ കല്ലുകള്‍ നിറഞ്ഞിരിക്കുന്നതായി കണ്ടെത്തി.

തുടര്‍ന്ന് ഡോ. മനീഷ് കെ ഗുപ്തയുടെ നേതൃത്വത്തില്‍ നടത്തിയ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ കല്ലുകള്‍ നീക്കം ചെയ്തു. പിത്താശയത്തില്‍ നിന്ന് ചെറുതും വലുതുമായ ആയിരത്തിയഞ്ചൂറോളം കല്ലുകളാണ് നീക്കം ചെയ്തതെന്ന് ഡോ. മനീഷ് കെ ഗുപ്ത പറഞ്ഞു. ജീവിതശൈലിയിലെ മാറ്റം, ഭക്ഷണം കഴിക്കുന്നതിനിടെയിലെ ദീര്‍ഘനേരത്തെ ഇടവേള, നീണ്ട ഉപവാസം എന്നിവയൊക്കെയാണ് പിത്താശയകല്ലുകള്‍ക്ക് കാരണമാകുന്നതെന്ന് ഡോ. മനീഷ് ഗുപ്ത പറയുന്നു.

ഇത് പാന്‍ക്രിയാറ്റിസ്, മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്ക് കാരണമായെക്കുമെന്നും അദ്ദേഹം പറഞ്ഞു. പിത്താശയത്തിലുണ്ടാവുന്ന വലിയ കല്ലുകള്‍ വളരെക്കാലം ചികിത്സിച്ചില്ലെങ്കില്‍ കാന്‍സറിന് വരെ സാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *