തിരുവനന്തപുരം: മദ്യനയം മാറ്റാൻ ബാർ ഹോട്ടലുടമകൾ പണം കൊടുക്കേണ്ടവർക്ക് കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബാറുടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ വിവാദം ഏറ്റുപിടിച്ച് പ്രതിപക്ഷം. കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ഇത് സർക്കാരിന്റെ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എല്ലാ സൗകര്യവും ചെയ്ത് കൊടുക്കാമെന്ന് സർക്കാർ ബാർ ഉടമകളെ അറിയിച്ചിരിക്കുകയാണ്. ഇനി നോട്ടെണ്ണൽ യന്ത്രം എക്സൈസ് മന്ത്രി എം.ബി രാജേഷിന്റെ കയ്യിലാണോ, അതല്ല മുഖ്യമന്ത്രിയുടെ കയ്യിലാണോ, എ.കെ.ജി സെന്ററിലാണോ എന്ന് മാത്രം അറിഞ്ഞാൽ മതിയെന്നും സതീശൻ പറഞ്ഞു.

അബ്കാരി നിയമത്തിൽ മാറ്റം വരുത്തുന്ന കാര്യം നിയമസഭാ സമിതിയിൽ വന്നപ്പോൾ പ്രതിപക്ഷം ശക്തമായി എതിർത്തതാണ്. ഒന്നാംതീയതിയടക്കം മദ്യശാലകളും ബാറുകളും തുറക്കാനുള്ള സൗകര്യമാണ് ചെയ്തു കൊടുക്കുന്നത്. ഇത് ആളുകളുടെ ശമ്പള ദിവസത്തെ ലക്ഷ്യം വെച്ചുകൊണ്ടാണ്. ഇതിനെല്ലാം ഒത്താശ ചെയ്യാനാണ് വൻ പണപ്പിരിവെന്നും സതീശൻ പറഞ്ഞു.

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം പുതുതായി 130 ബാറുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് നിലവിൽ 801 ബാറുണ്ട്. ബാറുകളുടെ ടേൺ ഓവർ പിരിവ് പോലും നടത്തുന്നില്ല. ഇത് വഴി സർക്കാരിന് ജി.എസ്.ടി ഇനത്തിൽ കോടികളാണ് നഷ്ടം. ഒരു പരിശോധനയും ബാറുകളിൽ നടക്കുന്നില്ല. ഇതെല്ലാം ബാറുടമകളെ സഹായിക്കാനാണ്. 20 കോടി രൂപയുടെ അഴിമതിയാണ് പണപ്പിരിവ് വഴി ഉണ്ടായിരിക്കുന്നതെന്നും സതീശൻ ആരോപിച്ചു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *