തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ സ്വദേശിനി ശാന്തകുമാരിയെ (71) വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തി മൃതദേഹം മച്ചില്‍ ഒളിപ്പിച്ച കേസില്‍ മൂന്നു പ്രതികള്‍ക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, മകന്‍ ഷഫീഖ്, കൂടെ താമസിച്ചിരുന്ന അല്‍ അമീന്‍ എന്നിവർക്കാണ് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. ഇവര്‍ കുറ്റക്കാരാണെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
2022 ജനുവരി 14നാണ് മുല്ലൂര്‍ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം ശാന്തകുമാരിയെ കൊലപ്പെടുത്തി വീടിന്റെ മച്ചില്‍ ഒളിപ്പിച്ച ശേഷം പ്രതികള്‍ കടന്നുകളഞ്ഞെന്നാണ് കേസ്.
ശാന്തകുമാരിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്നവരാണ് കൊല നടത്തിയത്. ഇവര്‍ വാടകവീടൊഴിഞ്ഞ് പോയതിനു പിന്നാലെ വീട്ടുടമയും മകനും വീട്ടിലെത്തി നോക്കിയപ്പോള്‍ മച്ചില്‍ നിന്നു രക്തം പുറത്തേക്കൊഴുകുന്നതു കാണുകയായിരുന്നു. വീട്ടില്‍ താമസിച്ചിരുന്ന റഫീഖാ ബീവിയാണ് കൊല്ലപ്പെട്ടതെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ശാന്തകുമാരിയെ കാണാതായെന്നും അവരാണ് കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിക്കുന്നത്. മച്ചില്‍ ഒളിപ്പിച്ചിരുന്ന മൃതദേഹം മണിക്കൂറുകള്‍ പണിപ്പെട്ടാണ് പൊലീസ് പുറത്തെത്തിച്ചത്.
ശാന്തകുമാരിയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണം മോഷ്ടിക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്നെന്നാണ് പൊലീസ് കണ്ടെത്തല്‍. വാടക വീടെടുത്ത് താമസിച്ചതും കവര്‍ച്ച ലക്ഷ്യമിട്ടാണെന്നും പൊലീസ് പറഞ്ഞു. ആഭരണങ്ങളില്‍ ഒരു ഭാഗം പണയം വച്ചു. ബാക്കി പ്രതികളില്‍ നിന്നും കണ്ടെടുത്തു. കൊലയ്ക്കു ശേഷം കോഴിക്കോടിനു പോകാനായി യാത്ര ചെയ്യുമ്പോഴാണ് പ്രതികളെ പിടികൂടിയത്.
തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലില്‍ റഫീഖാ ബീവിയും മകന്‍ ഷഫീഖും മറ്റൊരു കൊലക്കേസിലും പ്രതികളാണെന്നു കണ്ടെത്തി.ഒരു വര്‍ഷം മുന്‍പു ദുരൂഹ സാഹചര്യത്തില്‍ മരിച്ച 14കാരിയുടേതും കൊലപാതകമെന്ന് തെളിയുകയായിരുന്നു. പ്രതി ഷെഫീഖ് ബലാത്സംഗം ചെയ്തത് പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിയെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ഷെഫീഖിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോവളം പൊലീസ് പുനരന്വേഷണം ആരംഭിച്ചു.
ആദ്യം ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പെണ്‍കുട്ടിക്ക് ശാരീരികമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മരുന്നുകള്‍ കഴിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചുവെങ്കിലും പ്രതി ആരാണെന്ന് കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ വീടിനു സമീപമുള്ള വാടക വീട്ടിലായിരുന്നു ഷെഫീഖും റഫീഖാ ബീവിയും അന്ന് താമസിച്ചിരുന്നത്.
There is no ads to display, Please add some