കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഒന്നാം പ്രതി രാഹുല്‍ പി ഗോപാലിനെ രാജ്യം വിടാൻ സഹായിച്ച പോലീസുകാരന് സസ്‌പെൻഷൻ. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാലിനെയാണ് കമ്മീഷണർ സസ്‌പെന്‍ഡ് ചെയ്തത്. ന്നലെ രാത്രിയോടെയാണ് ശരത് ലാലിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.
ശരത് ലാല്‍ പ്രതിയെ നിരവധി തവണ വിളിച്ചതിന്റെ ഫോണ്‍ രേഖകളും പൊലീസ് ശേഖരിച്ചു. പ്രതിയെ സാമ്പത്തികമായി സഹായിച്ചതിന്റെ തെളിവുകളും ലഭിച്ചതോടെയാണ് നടപടിയിലേക്ക് കടന്നത്. സംഭവ ദിവസം സിപിഒ ശരത് ലാല്‍ പന്തീരങ്കാവ് സ്റ്റേഷനിലെ ജിഡി ഡ്യൂട്ടിയിലായിരുന്നു. വധശ്രമ കുറ്റം ചുമത്താനുളള നീക്കം അടക്കം ഇയാള്‍ രാഹുലിനെ അറിയിച്ചിരുന്നു.
പൊലീസ് അന്വേഷണത്തിലെ നിര്‍ണായക വിവരങ്ങളും ശരത് ലാല്‍ ചോര്‍ത്തി നല്‍കി. പൊലീസിന്റെ കണ്ണില്‍ പെടാതെ ചെക്ക് പോസ്റ്റ് കടക്കണം എന്നും നിര്‍ദേശിച്ചു.രാഹുലിന് രാജ്യംവിടാന്‍ സഹായമൊരുക്കിയ സുഹൃത്ത് രാജേഷ് കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇയാളുടെ അടുത്ത സുഹൃത്ത് കൂടിയാണ് ശരത്. രാഹുലും രാജേഷും ബെംഗളൂരുവിലേക്ക് പോകുന്ന വഴിക്ക് ഇയാളുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
അതേസമയം പ്രതി രാഹുല്‍ പി ഗോപാലിൻ്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിൻ്റെ ഹോണ്ട അമൈസ് ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വീട്ടില്‍ പൊലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത കാറില്‍ നിന്ന് ഫൊറന്‍സിക് സംഘം രക്തക്കറ കണ്ടെത്തി. രക്തസാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.

