ബംഗലൂരു: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് ഏഴിനാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര നേടിയ ഇന്ത്യ പരമ്പര തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്. അതേസമയം ആശ്വാസ ജയം തേടിയാണ് അഫ്ഗാൻ ഇറങ്ങുക.

രണ്ടു മത്സരത്തിലും ഇന്ത്യൻ ജയം ആധികാരികമായിരുന്നു. രണ്ടും ചേസ് ചെയ്ത് ജയിച്ചതിനാൽ ബാറ്റിങ് യൂണിറ്റ് ആത്മവിശ്വാസത്തിലാണ്. രണ്ടിലും അർധസെഞ്ചുറി നേടിയ ശിവം ദുബെ ലോകകപ്പ് ടീമിലേക്ക് സാധ്യതയുയർത്തി

മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ ലോകകപ്പിന് മുമ്പ് മികവ് കാട്ടാന്‍ കിട്ടുന്ന അവസാന അവസരത്തിനായുള്ള കാത്തിരിപ്പിലാണ്. സഞ്ജുവിന് പകരം ആദ്യ രണ്ട് മത്സരങ്ങളും കളിച്ച ജിതേഷ് ശര്‍മ ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും രണ്ടാം ടി20യില്‍ നിരാശപ്പെടുത്തിയിരുന്നു. ഇതും സഞ്ജുവിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നു

അതേസമയം ആദ്യ രണ്ട് മത്സരത്തിലും പൂജ്യത്തിന് പുറത്തായ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. രോഹിത്തിനൊപ്പം ഓപ്പണറായി ഗില്‍ എത്തുമോ യശസ്വി തുടരുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്. മൂന്നാം നമ്പറില്‍ വിരാട് കോലി തുടരുമെന്നതില്‍ സംശയമില്ല.

നാലാമനായി തിലക് വര്‍മയെ പരീക്ഷിച്ചേക്കും. അഞ്ചാമനായിട്ടായിരിക്കും സഞ്ജു ഇറങ്ങുക. പിന്നാലെ റിങ്കു സിംഗ് കളിക്കും. അക്‌സര്‍ പട്ടേലിനും സ്ഥാനമുറപ്പാണ്. വാഷിംഗ്ടണ്‍ സുന്ദറിനേയും മാറ്റാന്‍ ഇടയില്ല. എന്നാല്‍ രവി ബിഷ്‌ണോയിക്ക് പകരം കുല്‍ദീപ് യാദവ് ടീമിലെത്താന്‍ സാധ്യത കൂടുതലാണ്. മുകേഷ് കുമാറിന് പകരം ആവേശ് ഖാനും ടീമിലെത്തിയേക്കും. മറ്റൊരു പേസര്‍ അര്‍ഷ്ദീപ് സിംഗും ടീമിലുണ്ടാവും.


