കൊച്ചി: കൊച്ചിയിലെ പ്രമുഖ മാളിൽ സിനിമ സംവിധായകനെ ജീവനക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. കോട്ടയം സ്വദേശിയായ സംവിധായകൻ റിയാസ് മുഹമ്മദിനാണ് ദുരനുഭവം നേരിട്ടത്..

കഴിഞ്ഞദിവസം സ്വകാര്യ ആവശ്യത്തിനായി സുഹൃത്തുമൊത്ത് കൊച്ചിയിൽ പ്രവർത്തിക്കുന്ന മാളിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. തിരികെ മടങ്ങാനായി കാർ പാർക്കിംഗിൽ എത്തിയ സംവിധായകനും സുഹൃത്തും കാണുന്നത് സെക്യൂരിറ്റി ജീവനക്കാർ ചേർന്ന് ഒരാളെ ക്രൂരമായി മർദ്ദിച്ച് വലിച്ചിഴച്ചു കൊണ്ടുപോകുന്ന കാഴ്ചയാണ്. ഇത് ചോദ്യം ചെയ്യാൻ എത്തിയപ്പോഴാണ് ജീവനക്കാർ സംവിധായകനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

ഇതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോണും തട്ടിയെടുത്തു. ജീവനക്കാരുടെ ഭാഗത്തുനിന്ന് ഭീഷണി തുടർന്നപ്പോൾ സംവിധായകൻ കളമശ്ശേരി പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയതിന്റെ പേരിലാണ് ഇയാളെ ജീവനക്കാർ ക്രൂരമായി തല്ലിച്ചതക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തത്. നിയമം നടപ്പിലാക്കേണ്ടവരെ വിവരമറിയിക്കേണ്ടതിന് പകരം ഗുണ്ടകളെപ്പോലെ പെരുമാറുകയായിരുന്നു സെക്യൂരിറ്റി ജീവനക്കാരെന്ന് റിയാസ് മുഹമ്മദ് പ്രതികരിച്ചു.
