കോട്ടയം: എൽഡിഎഫ് മന്ത്രിസഭയിൽ ചില മന്ത്രിമാരെയും, സ്പീക്കറേയും സമുദായങ്ങളെ അധിക്ഷേപിക്കാൻ എൽ ഡി എഫ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും, അധിക്ഷേപം നടത്തിയതിന് ശേഷം തിരുത്താൻ എൽഡിഎഫ് നിർദ്ദേശം കൊടുക്കുന്നത് സ്ഥിരം പരിപാടിയാക്കിയിരിക്കുകയാണെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
കത്തോലിക്കരുടെ പ്രതിനിധികളെന്ന് പറഞ്ഞ് എൽ.ഡി.എഫ് മന്ത്രിസഭയുടെ ഭാഗമായിരിക്കുന്ന ജോസ് കെ മാണി വിഭാഗത്തിന് മന്ത്രി സജി ചെറിയാനെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റിനിർത്തണമെന്ന് പറയുവാനുള്ള ആർജ്ജവമില്ലെന്നും, മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്തത് പറഞ്ഞാൽ എൽഡിഎഫിൽ നിന്നും പുറത്താക്കപ്പെടുമോ എന്നുള്ള ഭയം ആണെന്നും സജി കുറ്റപ്പെടുത്തി.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് കെ എം മാണി തുടക്കം കുറിച്ച റബ്ബർ വില സ്ഥിരതാ ഫണ്ടും , കാരുണ്യ ചികിത്സാ പദ്ധതിയും അട്ടിമറിച്ച പിണറായി സർക്കാരിന്റെ ഭാഗമായിരിക്കുന്ന ജോസ് കെ മാണി വിഭാഗം കൃഷിക്കാർക്ക് വേണ്ടിയും, പാവപ്പെട്ടവർക്ക് വേണ്ടിയും ഒന്നും ചെയ്യാതെ ബൊമ്മകളായി ഭരണത്തിൽ തുടരുന്നത് ലജ്ജകരമാണെന്നും സജി കുറ്റപ്പെടുത്തി.


