പെരുവന്താനം: ചികില്‍സ സഹായ പണം മുക്കിയെന്ന പേരില്‍ വ്യാജ പ്രചരണം കാട്ടിയവര്‍ക്കെതിരെ പൊലീസില്‍ പരാതി.
യൂത്ത് കോണ്‍ഗ്രസ് പീരുമേട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍ ജോസഫാണ് കൊക്കയാര്‍ സ്വദേശിമാര്ട്ടിന് കുര്യന്,ജെയിസ് ജോസഫ്, നിഥിന്സുരേഷ് , ബിജു ജോണ്‍ എന്നിവര്‍ക്കെതിരെ പീരുമേട് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്.

കൊക്കയാര്‍ പഞ്ചായത്തിലെ മുക്കുളത്ത രക്താര്‍ബുധ ബാധിതനായ ജിന്റോ ജോർജിന്റെ ചികിത്സ സഹായ സമിതിക്കുവേണ്ടി യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പെരുവന്താനത്ത് പണ സമാഹരണം നടത്തിയിരുന്നു.
തൊണ്ണൂറായിരം രൂപയോളം സമാഹരിക്കുകയും ചെയ്തിരുന്നു. ഇതില്‍ ആയിരം രൂപ അരുണ്‍ ജോസഫിന്റെ ഗൂഗിള്‍പേ അക്കൗണ്ടിലൂടെയാണ് സ്വീകരിച്ചത്. തുക മുഴുവനും സഹായ സമിതിയെ എല്പ്പിക്കുകയും ചെയ്തെങ്കിലും പണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അപഹരിച്ചതായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയതിനെതിരെയാണ് പരാതി നല്‍കിയത്.

ചികില്‍സ സഹായ സമിതി ചെയര്‍മാനും കണ്വീനറുമടക്കമുളള ആളുകൾ ബാങ്കിലെത്തി സ്റ്റേറ്റ്മെന്റ് പരിശോധിച്ചു ബോധ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ രോഗിയെ സഹായിക്കാന്‍ രംഗത്തു വന്ന തങ്ങളെ അപമാനിച്ചുവെന്നു കാട്ടിയാണ് സൈബര്നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്.
ഇത് സംബന്ധിച്ചു ഇവരെക്കൂടാതെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവരുടെ വിവരങ്ങളും ശേഖരിച്ചു വരികയാണ്.
