ഗാസ സിറ്റി : ഇസ്രയേൽ ഇന്ധന വിതരണം നിർത്തിയതിനെ തുടർന്ന് ഗാസ സിറ്റിയിലെ ഏക വൈദ്യുതി പ്ലാന്റിന്റെ പ്രവർത്തനം നിലച്ചു. ഇതോടെ, ആശുപത്രികൾ അടക്കമുള്ള സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ താളം തെറ്റി.പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതെന്ന് ഗാസ എനർജി അതോറിറ്റി മേധാവി ജലാൽ ഇസ്മായിൽ അറിയിച്ചു. നിലവിൽ, ജനറേറ്ററുകൾ ഉപയോഗിച്ചാണ് ആശുപത്രികളിൽ പ്രവർത്തനം തുടരുന്നത്. ഇതോടെ, നഗരത്തിലെ കുടിവെള്ളവിതരണവും തടസ്സപ്പെട്ടു. ഇന്റർനെറ്റ് സംവിധാനങ്ങളും നിശ്ചലമാകും.
അതിർത്തിയിൽ ഇസ്രയേൽ സൈന്യം തമ്പടിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഗാസയിലേക്ക് രാത്രിയിൽ കരയിലൂടെയുള്ള ആക്രമണം ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, പ്രതിപക്ഷവുമായി ചേർന്ന് ഇസ്രയേൽ സർക്കാർ സംയുക്ത മന്ത്രിസഭ രൂപീകരിച്ചു. അടിയന്തര സംയുക്ത സർക്കാർ രൂപീകരിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്സും ധാരണയിലെത്തി. ബെന്നിയും മന്ത്രിസഭയിൽ അംഗമാകും. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗല്ലന്റ്, പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്സ് എന്നിവർ ചേർന്ന ‘വാർ ക്യാബിനറ്റ്’ ആണ് രൂപീകരിച്ചത്. ഈ ക്യാബിനറ്റ് ആയിരിക്കും യുദ്ധ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
There is no ads to display, Please add some