കോട്ടയം: കോട്ടയം താഴത്തങ്ങാടിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ യുബിസി കൈനകരി ടീമിന്റെ നടുഭാഗം ചുണ്ടന് ആവേശ ജയം. ജലപ്പരപ്പിൽ ആവേശം നിറച്ച വള്ളംകളി മത്സരത്തിൽ ഒമ്പതു ചുണ്ടനുകളോട് ഏറ്റുമുട്ടിയാണ് നടുഭാഗം ഒന്നാം സ്ഥാനം തുഴഞ്ഞ് നേടിയത്.
കോട്ടയത്തെ ജലമാമാങ്കത്തിന് സാക്ഷ്യം വഹിക്കുവാൻ താഴെത്തങ്ങാടിയിൽ തടിച്ചു കൂടിയ ആയിരങ്ങളെ സാക്ഷി നിർത്തി 9 വള്ളങ്ങളെ പിന്നിലാക്കി നടുഭാഗം തുഴഞ്ഞ് മുന്നേറുകയായിരുന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനാണ് രണ്ടാം സ്ഥാനം. പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽതെക്കേതിലാണ് മൂന്നാമത്.
ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് മത്സരങ്ങൾ ആരംഭിച്ചത്. ഒന്നാംസ്ഥാനത്തെത്തുന്നവർക്ക് അഞ്ചു ലക്ഷവും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് യഥാക്രമം മൂന്ന്, ഒരു ലക്ഷം രൂപയുമാണ് സമ്മാനം ലഭിച്ചത്. മത്സരത്തിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങൾക്ക് നാലു ലക്ഷം രൂപ വീതം ബോണസ് ലഭിക്കും.
വിജയികൾക്കുള്ള സമ്മാനദാനം ജില്ല പോലീസ് മേധാവി കെ കാർത്തിക് നിർവഹിച്ചു. സിബിഎല്ലിനൊപ്പം താഴത്തങ്ങാടി വള്ളംകളിയുടെ ഭാഗമായി കോട്ടയം വെസ്റ്റ് ക്ലബിൽ രജിസ്റ്റർ ചെയ്ത 19 ചെറുവള്ളങ്ങളുടെ മത്സരം നടന്നു.
There is no ads to display, Please add some