മലയാളികളുടെ പ്രിയ നടനാണ് ഫഹദ് ഫാസില്‍. മലയാളത്തിന്റെ അതിര്‍ത്തി കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം കയ്യടി നേടിയ താരം. തന്റെ പ്രകടനം കൊണ്ട് ഫഹദ് ഞെട്ടിച്ച സിനിമകള്‍ നിരവധിയാണ്. ഇപ്പോഴിതാ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും വില്ലനായി പേട്രിയറ്റിലുമെത്തുകയാണ് ഫഹദ് ഫാസില്‍. പിന്നാലെ സൂപ്പര്‍ ഹിറ്റ് ചിത്രം ആവേശത്തിന്റെ രണ്ടാം ഭാഗവുമെത്തും.

കഴിഞ്ഞ ദിവസം പങ്കെടുത്തൊരു പരിപാടിയിലാണ് ഫഹദ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പരിപാടിയില്‍ നിന്നുള്ള ഫഹദിന്റെ മറ്റൊരു വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. പരിപാടിക്കിടെ ഏറെനേരം കണ്ണ് ചിമ്മാതെ എന്തോ ചിന്തയില്‍ മുഴുകിയിരിക്കുന്ന ഫഹദിന്റെ വിഡിയോയാണ് വൈറലാകുന്നത്. വിഡിയോ വൈറലായതോടെ താരത്തെ ട്രോളിയും അധിക്ഷേപിച്ചുമൊക്കെ പലരുമെത്തി.

ഫഹദ് എന്താണിങ്ങനെ ചിന്തിച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ചുറ്റും നടക്കുന്നത് അറിയാതെ സോണ്‍ ഔട്ടായിപ്പോയതാണെന്നും അതല്ല മയക്കുമരുന്ന് ഉപയോഗമാണെന്ന് വരെ പലരും കമന്റ് ചെയ്യുന്നുണ്ട്. എന്നാല്‍ ഫഹദിനെതിരെയുള്ള ആക്രമണത്തെ പ്രതിരോധിച്ചും നിരവധി പേരെത്തുന്നുണ്ട്.

തനിക്ക് എഡിഎച്ച്ഡി ആണെന്ന് ഫഹദ് തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ സാഹചര്യം മനസിലാക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനിടെ ചിലര്‍ ഫഹദിന്റെ അവസ്ഥ തനിക്കുമുണ്ടാകാറുണ്ടെന്നും അനുഭവിച്ചവര്‍ക്ക് മാത്രമേ അത് അറിയൂവെന്നും പറയുന്നു. തനിക്കും എഡിഎച്ച്ഡിയുണ്ടെന്നും ഫഹദിന്റെ അവസ്ഥ താനും അനുഭവിക്കുന്നതാണ്. ഇത്തരം അവസ്ഥയുള്ളവര്‍ പെട്ടെന്ന് ചിന്തകളിലേക്ക് ആഴ്ന്നിറങ്ങിപ്പോകുമെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

2024 ലാണ് ഫഹദ് തനിക്ക് എഡിഎച്ച്ഡി ആണെന്ന് വെളിപ്പെടുത്തന്നത്. 41-ാമത്തെ വയസിലാണ് തനിക്ക് എഡിഎച്ച്ഡി ആണെന്ന് കണ്ടെത്തുന്നത്. വലിയ രീതിയില്‍ അല്ലെങ്കിലും ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ അതുമൂലം തനിക്കുണ്ടെന്നും ഫഹദ് നേരത്തെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *