വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിനെ (34) വീട് കയറി ആക്രമിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. ശാസ്താം കോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീട്ടിലാണ് മര്‍നമുണ്ടായത്. രാത്രി എട്ട് മണിക്കാണ് സംഭവം.

കണ്ടാല്‍ അറിയുന്ന നാല് പേര്‍ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അന്വേഷണം നടക്കുകയാണ്. എന്നാല്‍ ഈ സംഭവത്തിന് വിസ്മയ കേസുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന നാല് യുവാക്കള്‍ വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനമായി സംസാരിക്കുകയും വീടിന് മുന്നില്‍ വെച്ചിരുന്ന വീപ്പകളില്‍ അടിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. ആ സമയത്ത് പുറത്തേയ്ക്ക് എത്തിയ കിരണിനെ മര്‍ദിക്കുകയായിരുന്നു. അടിച്ച് താഴെയിട്ട ശേഷം മൊബൈല്‍ ഫോണ്‍ കവര്‍ന്നു. മുമ്പും യുവാക്കളുടെ സംഘങ്ങള്‍ ബൈക്കുകളില്‍ വീടിന് മുന്നിലെത്തി വെല്ലുവിളി നടത്തിയിരുന്നു.

നിലമേല്‍ കൈതോട് സ്വദേശിയും ബിഎഎംഎസ് വിദ്യാര്‍ഥിയുമായിരുന്ന വിസ്മയ(24) സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് 2021 ജൂണ്‍ 21 ന് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസിലാണ് ഭര്‍ത്താവായ മുന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാറിനെ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം കിട്ടിയ ശേഷം സ്വന്തം വീട്ടിലാണ് കിരണ്‍ ഇപ്പോഴുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *