രാജ്യത്തെ പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് കുത്തനെ ഉയര്‍ത്തി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. വാഹനങ്ങളുടെ പഴക്കം അനുസരിച്ചാണ് ഫീസില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഉയര്‍ന്ന ഫീസ് ഈടാക്കിയിരുന്നത്, പുതിയ ഉത്തരവ് പ്രകാരം ഈ പരിധി 10 വര്‍ഷമായി കുറച്ചു. കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ (അഞ്ചാം ഭേദഗതി) പ്രകാരം ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു.
വാഹനങ്ങളുടെ കാലപ്പഴക്കത്തെ അടിസ്ഥാനപ്പെടുത്തി മൂന്ന് തരങ്ങളായി തിരിച്ചാണ് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് ഉയര്‍ത്തിയിരിക്കുന്നത്. 10 മുതല്‍ 15 വര്‍ഷം, 15 മുതല്‍ 20 വര്‍ഷം, 20 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ എന്നിങ്ങനെയാണ് മൂന്ന് കാറ്റഗറികള്‍. മോട്ടോര്‍സൈക്കിള്‍, മൂന്ന് ചക്രവാഹനങ്ങള്‍, എല്‍എംവി, മീഡിയം- ഹെവി വാഹനങ്ങള്‍ എന്നിവയ്ക്കും പുതിയ ഭേദഗതി ബാധകമാകും. വാഹനത്തിന്റെ പഴക്കമനുസരിച്ച് ഫീ ഈടാക്കാനാണ് തീരുമാനം.
പുതിയ ഭേദഗതിയുമായി ബന്ധപ്പെട്ട വിജ്ഞാപനം കന്ദ്രം പുറത്തിറക്കി. മുമ്പ് 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കായിരുന്നു ഉയര്‍ന്ന നിരക്ക് ചുമത്തിയിരുന്നതെങ്കില്‍ പുതിയ നിര്‍ദേശം അനുസരിച്ച് 10 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫിറ്റ്നസ് ലഭിക്കുന്നതിനായി ഉയര്‍ന്ന നിരക്ക് ഈടാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
പുതിയ ഫിറ്റ്‌നസ് ഫീസ് ഇങ്ങനെ
മോട്ടോര്‍സൈക്കിള്‍: 400 രൂപ
എല്‍എംവി: 600 രൂപ
ഇടത്തരം/ഭാരമേറിയ വാണിജ്യ വാഹനം: 1,000 രൂപ
വാഹനത്തിന് 10 വര്‍ഷം പഴക്കമാകുമ്പോള്‍ മുതല്‍ ഈ ഫീസ് ബാധകമാകും.
20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് വലിയ ഫീസ്
ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ (ബസ്/ട്രക്കുകള്‍): 25,000 രൂപ (മുമ്പ് ഇത് 2,500 രൂപയായിരുന്നു)
ഇടത്തരം കൊമേഴ്സ്യല്‍ വാഹനങ്ങള്‍: 20,000 രൂപ (മുമ്പ് ഇത് 1,800 രൂപയായിരുന്നു)
ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍: 15,000 രൂപ
മൂന്ന് ചക്ര വാഹനങ്ങള്‍: 7,000 രൂപ
ഇരുചക്ര വാഹനങ്ങള്‍: 600 രൂപയില്‍ നിന്ന് 2,000 രൂപയായി വര്‍ദ്ധിപ്പിച്ചു
നേരത്തെ, 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള എല്ലാ വാഹനങ്ങള്‍ക്കും ഏകീകൃത ഫീസ് ബാധകമായിരുന്നു, എന്നാല്‍ ഇപ്പോള്‍ വാഹനത്തിന്റെ പഴക്കം അനുസരിച്ചുള്ള സ്ലാബ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.

