കോട്ടയം മെഡിക്കല്‍ കോളജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് എന്‍എബിഎച്ച് സര്‍ട്ടിഫിക്കേഷന്‍. കേരളത്തില്‍ ആദ്യമായാണ് ഒരു മെഡിക്കല്‍ കോളജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിച്ച് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നവീകരിച്ച സാഹചര്യത്തിലാണ് എന്‍എബിഎച്ച് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ആശുപത്രിയുടെ സേവന നിലവാരത്തിനും പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ക്കും ലഭിച്ച ഏറ്റവും ഉയര്‍ന്ന അംഗീകാരം കൂടിയാണിതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മെഡിക്കല്‍ കോളജിന്റെ നേട്ടത്തില്‍ ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ധാരാളം രോഗികള്‍ ആശ്രയിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ മികച്ച ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുന്നതിന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇന്‍ഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കിയിരുന്നു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പിജി കോഴ്സ് ആരംഭിക്കുന്നതിനുള്ള നടപടിക്കും തുടക്കം കുറിച്ചിട്ടുണ്ട്. ദേശീയ ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ആരോഗ്യ സര്‍വകലാശാലയുടെ എ ഗ്രേഡ് അക്രഡിറ്റേഷനും കോട്ടയം മെഡിക്കല്‍ കോളജ് നേടിയിട്ടുണ്ട്.

ആശുപത്രി രോഗിസൗഹൃദ സേവനങ്ങള്‍, സുരക്ഷാ പ്രോട്ടോകോളുകള്‍, ശുചിത്വം, അടിയന്തര സേവനങ്ങളുടെ കാര്യക്ഷമത, നിലവാര നിയന്ത്രണം തുടങ്ങിയ എല്ലാ മേഖലകളിലും നടപ്പാക്കിയ പുരോഗതികളെ അടിസ്ഥാനമാക്കിയാണ് എന്‍എബിഎച്ച് അംഗീകാരം ലഭിച്ചത്. ഈ അംഗീകാരം, രോഗികള്‍ക്ക് കൂടുതല്‍ നിലവാരമുള്ള ചികിത്സയും സുരക്ഷിതമായ ആശുപത്രി സംവിധാനങ്ങളും ഉറപ്പാക്കുന്നതിനുള്ള കൃത്യമായ മാര്‍ഗരേഖകള്‍ പാലിക്കുന്നതിന്റെ തെളിവാണിതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നീ 3 പ്രധാന അവയവങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ മാറ്റിവച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവച്ചതും ആദ്യമായാണ്. പതിനൊന്ന് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളാണ് ഇവിടെ നടത്തിയത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *