സ്കൂൾ, കോളേജ് വിദ്യാർഥികളുടെ വിനോദയാത്ര പുറപ്പെടുന്നതിന് ഒരാഴ്ചമുൻപെങ്കിലും റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ (ആർടിഒ) അറിയിക്കണമെന്ന് മോട്ടോർവാഹന വകുപ്പിന്റെ കർശനനിർദേശം.
എംവിഡി ഉദ്യോഗസ്ഥർക്ക് ബസുകൾ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാനും വിദ്യാർഥികളെയും ഡ്രൈവർമാരെയും ബോധവത്കരിക്കാനുമാണിത്.
നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ വിനോദയാത്രാ വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ഉത്തരവാദിത്വം സ്കൂൾ, കോളേജ് പ്രിൻസിപ്പൽമാർക്കായിരിക്കും. ആർടിഒയെ മുൻകൂട്ടി അറിയിക്കാതെ യാത്രകൾ സംഘടിപ്പിക്കുന്നില്ലെന്ന് വിദ്യാലയ മാനേജ്മെന്റും പ്രിൻസിപ്പൽമാരും ഉറപ്പാക്കണം.
വിനോദയാത്രയ്ക്കു പോകുന്ന മിക്ക ബസുകളിലും എമർജൻസി വാതിലും തീപ്പിടിത്തം തടയാനുള്ള സംവിധാനങ്ങളുമില്ലെന്ന് കണ്ടെത്തിയിരുന്നു. അടിയന്തരസാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് യാത്രക്കാർക്കോ ഡ്രൈവർമാർക്കോ ധാരണയില്ല.സ്പീക്കർ, അലങ്കാരവിളക്കുകൾ തുടങ്ങിയവ അനധികൃതമായി ബസുകളിൽ ഘടിപ്പിക്കുന്നുണ്ട്. ഇത് തീപ്പിടിത്തത്തിന് കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

