നടി കാവ്യ മാധവന്റെ 40-ാം ജന്മദിനമാണിത്. ജന്മദിനത്തില്‍ കാവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. അച്ഛന്‍ കൂടെയില്ലാത്ത ആദ്യത്തെ പിറന്നാള്‍ ആണിതെന്നാണ് കാവ്യ പറയുന്നത്. അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

“ഓരോ പിറന്നാളും, ഓരോ ഓര്‍മ്മദിനവും അച്ഛന്റെ സാന്നിധ്യം കൊണ്ടാണ് അവിസ്മരണീയമായത്. ഇന്ന്, അച്ഛന്‍ കൂടെയില്ലാത്ത ആദ്യ പിറന്നാള്‍. മനസ്സില്‍ മായാത്ത ഓര്‍മ്മകളും വാത്സല്യവും സമ്മാനിച്ച അച്ഛന്റെ സ്മരണകളാണ് ഈ ജന്മദിനത്തില്‍ എനിക്ക് സാന്ത്വനമാകുന്നത്” എന്നാണ് കാവ്യ മാധവന്‍ പറയുന്നത്.

ജൂണ്‍ മാസത്തിലാണ് കാവ്യയുടെ അച്ഛന്‍ പി മാധവന്‍ മരിക്കുന്നത്. കാവ്യയുടെ സിനിമ ജീവിതത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു അച്ഛന്‍ മാധവന്‍. താരത്തിനൊപ്പം വേദികളിലും സിനിമാ സെറ്റുകളിലെല്ലാം അച്ഛന്‍ എത്തിയിരുന്നു. മകളുടെ കരിയറില്‍ ശക്തമായ പിന്തുണയുമായി അദ്ദേഹം കൂടെ തന്നെയുണ്ടായിരുന്നു. പലപ്പോഴും അച്ഛനെക്കുറിച്ച് കാവ്യ വാചാലയായിട്ടുണ്ട്. നീലേശ്വരത്തു നിന്നും മലയാളത്തിലെ മുന്‍നിര നായികയിലേക്കുള്ള തന്റെ യാത്രയില്‍ അച്ഛനുള്ള പങ്കിനെക്കുറിച്ച് കാവ്യ സംസാരിച്ചിട്ടുണ്ട്.

കാസര്‍ഗോഡ് നീലേശ്വരത്ത് ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഉടമയായിരുന്നു പി മാധവന്‍. പിന്നീട് മകളുടെ പഠനസൗകര്യത്തിനായി ചെന്നൈയിലേക്ക് താമസം മാറുകയായിരുന്നു. ചെറുപ്പം മുതലേ മകളെ കലോത്സവവേദികളിലെല്ലാം താരമായി മാറിയ മകള്‍ക്കൊപ്പം പിതാവ് മാധവനും അമ്മ ശ്യാമളയുമുണ്ടായിരുന്നു. അച്ഛനും അമ്മയുമാണ് തന്റെ നട്ടെല്ല് എന്ന് പലവട്ടം കാവ്യ പറഞ്ഞിട്ടുണ്ട്.

അതേസമയം സിനിമാ ലോകത്തു നിന്നും വിട്ടു നില്‍ക്കുകയാണ് കാവ്യ മാധവന്‍ ഇപ്പോള്‍. നടന്‍ ദിലീപാണ് കാവ്യയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കുമൊരു മകളുമുണ്ട്. മകള്‍ക്കൊപ്പമുള്ള കാവ്യയുടെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. സിനിമയില്‍ വിട്ടു നില്‍ക്കുമ്പോഴും വസ്ത്ര വ്യാപാര രംഗത്തിലൂടെ തന്റെ സാന്നിധ്യം അടയാളപ്പെടുത്താന്‍ കാവ്യയ്ക്ക് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *