പൊലീസിന്‍റെ ആളുമാറിയുള്ള മർദനത്തിൽ തോളെല്ല് തകർന്ന സിത്താരമോൾ ഇപ്പോഴും വേദനയിലാണ്. പത്തനംതിട്ട പൊലീസിലെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും അന്വേഷണം വഴിമുട്ടി. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിനിയായ സിത്താരമോൾ ഉൾപ്പെടെ അഞ്ചു പേരെയാണ് പൊലീസ് ക്രൂരമായി മർദിച്ചത്.

വലതുതോളിനേറ്റ വേദന, ലാത്തികൊണ്ടുള്ള അടിയേറ്റ് ഒടിഞ്ഞ എല്ല്. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിനിയായ സിത്താരമോൾ ഉൾപ്പെടെ അഞ്ചു പേരെ പൊലീസ് മർദിച്ചത് കഴിഞ്ഞ ഫെബ്രുവരിയിൽ. അടൂരിലെ വിവാഹസൽക്കാരത്തിൽ പങ്കെടുത്തശേഷം മടങ്ങുന്നതിനിടെയാണ് പ്രകോപനമില്ലാതെ പൊലീസുകാർ മർദിച്ചത്. സിത്താരയും ഭർത്താവും നിലത്തുവീണിട്ടും അടിച്ചു.

ബാറിൽ ബഹളമുണ്ടാക്കിയ സംഘമെന്നു തെറ്റിദ്ധരിച്ചാണു രാത്രി മർദിച്ചതെന്നായിരുന്നു പൊലീസ് വിശദീകരണം. മനുഷ്യാവകാശ കമ്മിഷൻ‍ സ്വമേധയാ കേസെടുത്തിരുന്നു. ഡിവൈഎസ്പി തലത്തിലുള്ള തുടരന്വേഷണം എങ്ങും എത്തിയില്ല. ആരോപണവിധേയരായ എസ്ഐ ജെ.യു.ജിനു, സിപിഒമാരായ ജോബിൻ, അഷ്ഫാക് റഷീദ് എന്നിവർ സസ്പെൻഷനിലാണ്.

Leave a Reply

Your email address will not be published. Required fields are marked *