കോതമംഗലത്തെ ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ. കോതമംഗലം കറുകടം ഞാഞ്ഞൂൾമല നഗറിൽ കടിഞ്ഞുമ്മേൽ പരേതനായ എൽദോസിന്റെ മകൾ സോനാ എൽദോസിന്റെ (21) മരണത്തിലാണ് ആൺസുഹൃത്തായ റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നത്. ഇയാൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ്.
ശനിയാഴ്ച ഉച്ചയ്ക്കാണ് സോനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടിൽനിന്ന് കണ്ടെടുത്തത്. ആൺസുഹൃത്തായ റമീസും ഇയാളുടെ കുടുംബവും മതംമാറാൻ നിർബന്ധിച്ചും വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.
വിവാഹംകഴിക്കണമെങ്കിൽ മതംമാറണമെന്നായിരുന്നു റമീസിന്റെയും കുടുംബത്തിന്റെയും നിർബന്ധം. ഇതിനിടെ രജിസ്റ്റർവിവാഹം നടത്താമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടുപോയി. എന്നാൽ, വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിക്കുകയാണുണ്ടായതെന്നും ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാനാകില്ലെന്നും സോനയുടെ കുറിപ്പിൽ പറയുന്നു.
ബിന്ദു എൽദോസാണ് സോനയുടെ മാതാവ്. സഹോദരൻ: ബേസിൽ. സോനയുടെ പിതാവ് മൂന്നുമാസം മുൻപാണ് മരിച്ചത്.