കാഞ്ഞിരപ്പള്ളി: കലാലയ ജീവിതത്തോടൊപ്പം സംരംഭകരാകുവാന്‍ സുവര്‍ണാവസരം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്നു. കാഞ്ഞിരപ്പളളി സെന്‍റ് ഡൊമിനിക്സ് കോളേജും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി തൊഴിലധിഷ്ഠിത-സംരംഭകത്വ പരിപാടികള്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. ഒരു വിദ്യാര്‍ത്ഥി പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിയും അതിലൂടെ പഠനത്തിനാവശ്യമായ തുക കണ്ടെത്തുവനാനുളള തൊഴിലധിഷ്ഠിത പദ്ധതികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് ഈ വര്‍ഷത്തെ പദ്ധതിയിലൂടെ നടപ്പിലാക്കുന്നു.

2025- 26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയ കാഞ്ഞിരപ്പളളി ബ്ലോക്ക് പരിധിയിലുളള എസ്.ഡി. കോളേജ് കാഞ്ഞിരപ്പളളി, എം.ഇ.എസ്. കോളേജ് എരുമേലി എന്നി കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വിദഗ്ദ്ധ പരിശീലനം നല്‍കി ജോലി ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആവിഷ്കരിച്ച പദ്ധതിയാണ് ഇ.ഡി. ക്ലബ്ബ് അംഗങ്ങള്‍ക്ക് നൈപുണ്യ പരിശീലനം. ടി പദ്ധതിയുടെ ഭാഗമായി റബ്ബര്‍ ടെക്നോളജി, പ്ലാസ്റ്റിക്ക് ടെക്നോളജി, ഭക്ഷ്യ സംസ്കരണം, ബ്യൂട്ടീഷന്‍ കോഴ്സ്. അഗ്രോ ഫുഡ് ലാബ് എന്നിവയാണ് പ്രാഥമികമായി ഉള്‍പ്പെടുത്തിയിട്ടുളളത്.

പ്രാഥമികമായി ഉള്‍പ്പെടുത്തിയ മേല്‍ കോളേജുകളല്ലാതെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ന്നും അവസരം ഉറപ്പാക്കുന്നതായിരിക്കും. പ്രസ്തുത പദ്ധതിയുടെ ഉല്‍ഘാടനം ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എം.എല്‍.എ. 08.08.2025 രാവിലെ 10.30 ന് സെന്‍റ് ഡോമിനിക്സ് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും. ത്രിതലപഞ്ചായത്ത് ഭാരവാഹികള്‍, കോളേജ് അധികാരികളും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കും. കോളേജ് തലത്തില്‍ ഒഴിവു ദിനങ്ങളില്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലുടെ ഈ കോഴ്സുകള്‍ കുട്ടികള്‍ക്ക് പഠിക്കാവുന്നതാണ് എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിതാ രതീഷ്, വൈസ് പ്രസിഡന്‍റ് ജോളി മടുക്കകുഴി, സ്റ്റാന്‍റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ജയശ്രീ ഗോപിദാസ്, ടി.ജെ. മോഹനന്‍, ഷക്കീല നസീര്‍, ബിഡി.ഒ. സജീഷ് എസ്., വ്യവസായ വികസന ഓഫീസര്‍ ഫൈസല്‍ കെ.കെ., റാണി അല്‍ഫോന്‍സാ ജോസ്, ഇ.ഡി. ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ എസ്.ഡി. കോളേജ്, തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *