കട്ടിലില്‍ ചെന്ന് കിടന്നാല്‍ ഉടന്‍ ഉറങ്ങാന്‍ കഴിയുന്നവരുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഈ ഭാഗ്യം ഉണ്ടായെന്ന് വരില്ല. ചിലര്‍ക്ക് തിരിഞ്ഞും മറിഞ്ഞും ഉത്തരം നോക്കിയുമൊക്കെ ഏറെ നേരം കിടന്നാലും ഉറക്കം വരികയേ ഇല്ല. സമ്മര്‍ദം, സ്‌ക്രീന്‍ ഉപയോഗം, അമിതമായി ഉണര്‍ന്നിരിക്കുന്ന മനസ്സ് എന്നിങ്ങനെ ഉറക്കത്തെ തടഞ്ഞ് നിര്‍ത്തുന്ന പല ഘടകങ്ങളും ഉണ്ട്. കിടന്ന് 30 മിനിട്ട് കഴിഞ്ഞിട്ടും ഉറക്കം വരാത്തവര്‍ക്ക് അതിന് സഹായകമായേക്കാവുന്ന ലളിതമായ ചില മാര്‍ഗ്ഗങ്ങള്‍ പങ്കുവയ്ക്കുകയാണ് അനസ്‌തേഷ്യോളജിസ്റ്റ് ഡോ. മയ്‌റോ ഫിഗൂറ. ഇന്‍സ്റ്റാഗ്രാമില്‍ മയ്‌റോ പങ്കുവച്ച ഈ ടിപ്‌സ് വേഗം ഉറങ്ങാനും ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.
ഉറക്കം വരാത്തവര്‍ ആദ്യമായി ചെയ്യേണ്ടത് തിരിഞ്ഞും മറിഞ്ഞും കിടക്കാതെ ആ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കുകയാണെന്ന് വൈറലായ തന്റെ വീഡിയോയില്‍ മയ്‌റോ പറയുന്നു. 30 മിനിട്ട് കഴിഞ്ഞിട്ടും ഉറങ്ങാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിന് അര്‍ത്ഥം തലച്ചോര്‍ വല്ലാതെ സജീവമായി ഇരിക്കുന്നു എന്നാണ്. ഈ നിലയില്‍ മാറ്റം വരണമെങ്കില്‍ ചുറ്റുപാടുകളില്‍ മാറ്റം ആവശ്യമാണ്. അല്‍പം കുറഞ്ഞ വെളിച്ചമുള്ള മറ്റൊരു മുറിയിലേക്ക് ഉടന്‍ തന്നെ മാറുക. ഈ മുറിയില്‍ എത്തിയ ശേഷം ബോറടിപ്പിക്കുന്ന എന്തെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണമെന്നും ഡോ. മയ്‌റോ നിര്‍ദ്ദേശിക്കുന്നു. തുന്നല്‍, വായന, വെറുതേ ജനാലയ്ക്ക് പുറത്തേക്ക് നോക്കി നിക്കല്‍ എന്നിങ്ങനെ എന്തുമാകാം.
ഇത്തരം പ്രവര്‍ത്തികള്‍ ശരീരത്തിന്റെ പ്രകൃതിദത്ത മെലട്ടോണിന്‍ ഉത്പാദനത്തെ വര്‍ധിപ്പിക്കുമെന്ന് ഡോക്ടര്‍ അഭിപ്രായപ്പെടുന്നു. അതേ സമയം ഇത്തരത്തില്‍ വേറെ മുറിയിലേക്ക് മാറുമ്പോള്‍ ഫോണ്‍, ലാപ്‌ടോപ് എന്നിങ്ങനെ നീലവെളിച്ചം പുറപ്പെടുവിക്കുന്ന ഇലക്ട്രോണിക് സാമഗ്രികള്‍ ഒന്നും ഉപയോഗിക്കരുതെന്നും ഡോ. മയ്‌റോ ഓര്‍മ്മപ്പെടുത്തുന്നു. എന്നിട്ടും ഉറക്കം വന്നില്ലെങ്കില്‍ ശ്വസന ടെക്‌നിക്കുകളും മെഡിറ്റേഷനും പരീക്ഷിക്കാം. അത് കൊണ്ടും ശരിയായില്ലെങ്കില്‍ മാത്രം മെലട്ടോണിന്‍ സപ്ലിമെന്റ് കഴിച്ച് മുന്‍പ് ചെയ്ത കാര്യങ്ങള്‍ ആവര്‍ത്തിക്കാം. ഇത്തരത്തില്‍ ശരിക്കും ഉറക്കം വന്ന ശേഷം മാത്രമേ കട്ടിലിലേക്ക് തിരികെ പോകാവുള്ളൂ എന്നും ഡോ. മയ്‌റോ ചൂണ്ടിക്കാട്ടുന്നു.