പാല്‍ പല്ലുകളൊഴിച്ച്, സാധാരണ നിലയിൽ ഒരിക്കൽ പല്ലു പൊഴിഞ്ഞു പോയാൽ പിന്നീട് വളരാറില്ല. എന്നാൽ ആ അവസ്ഥയ്ക്ക് ചിലപ്പോൾ മാറ്റം വന്നേക്കാം. ജപ്പാനിലെ ക്യോട്ടോ, ഫുകുയി സർവകലാശാലകളിലെയും കിറ്റാനോ ആശുപത്രിയിലെ സംഘവും നടത്തിയ ഗവേഷണങ്ങളുടെ ഫലമായി പല്ലുകൾ സ്വഭാവികമായും വീണ്ടും വളരാനുള്ള മരുന്ന് കണ്ടെത്തി.
കുട്ടിക്കാലത്ത് ഒരുതവണ കൊഴിഞ്ഞ് മുളച്ച പല്ല് പിന്നീട് കൊഴിഞ്ഞാൽ മുളയ്ക്കാറില്ല. അതിനുകാരണം ജീൻ 1 അല്ലെങ്കിൽ യുഎസ്എജി 1 എന്ന ജീനാണ്. ആ ജീനിനെ നിർവീര്യമാക്കുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം. അതിനായി പ്രത്യേക മോണോക്ലോണൽ ആന്റിബോഡി വികസിപ്പിച്ചു.
2021-ൽ വികസിപ്പിച്ച മരുന്നു എലികളിലും വെള്ളക്കീരികളിലും പരീക്ഷിച്ച് വിജയിച്ചശേഷം മനുഷ്യരിലേക്കും പരീക്ഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. പരീക്ഷണം വിജയിച്ചാൽ പ്രായമായി പല്ലുകൊഴിഞ്ഞവർക്കും അപകടങ്ങളിൽ പല്ലുനഷ്ടപ്പെട്ടവർക്കുമെല്ലാം ഇത് ഒരു പുത്തന്‍ പ്രതീക്ഷയായിരിക്കും. 2030 ഓടെ മരുന്നു വിപണിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.
എലികളിലും ഫെററ്റ് എന്ന ഒരിനം കീരികളിലുമൊക്കെ പല്ലുകളുടെ വളർച്ചയെ യുഎസ്എജി 1 എന്ന തടയുന്നുണ്ട്. അവയിൽ ഈ ആന്റിബോഡി കുത്തിവെച്ചപ്പോൾ പുതിയ പല്ലുകൾ മുളച്ചതായി കണ്ടെത്തി. ഇതേ പരീക്ഷണമാണ് ഇപ്പോൾ മനുഷ്യരിൽ നടക്കാൻ പോകുന്നത്. 30-നും 64-നും ഇടയിൽ പ്രായമുള്ള 30 പുരുഷന്മാരെയാണ് പരീക്ഷണത്തിന് തിരഞ്ഞെടുത്തത്. ‘സയൻസ് അഡ്വാൻസസ്’ എന്ന ജേണലില്‍ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.