ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞു നിൽക്കുന്ന ജനസാഗരത്തിനിടയിലൂടെ ജനകീയ നേതാവിന്റെ അന്ത്യയാത്ര. കെഎസ്ആർടിസിയുടെ പ്രത്യേക ബസിലാണ് വിഎസിന്റെ ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽനിന്ന് ഭൗതികശരീരം വാഹനത്തിലേക്ക് കയറ്റി യാത്ര തുടങ്ങി നാലര മണിക്കൂർ കഴിയുമ്പോൾ 10 കിലോമീറ്റർ മാത്രമാണ് പിന്നിട്ടത്. നിലവിലെ സ്ഥിതിയിൽ, വിലാപയാത്ര തിരുവനന്തപുരം ജില്ല കടക്കാൻ അർധരാത്രിയാകും. ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞിരിക്കുന്ന ജനങ്ങൾക്കു നടുവിലൂടെ വളരെ മെല്ലെയാണ് വിലാപയാത്ര കടന്നുപോകുന്നത്.

പാർട്ടി നിശ്ചയിച്ച സമയക്രമം തുടക്കത്തിൽ തന്നെ തെറ്റുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ പോയിന്റായ പാളയത്തേക്ക് എത്താൻ എടുത്തത് അരമണിക്കൂറാണ്. സെക്രട്ടേറിയറ്റ് പരിസരം കടക്കാനും അരമണിക്കൂർ എടുത്തു. മൂന്നു മണിയോടെ കഴക്കൂട്ടം കടക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും വിലാപയാത്ര അവിടേക്ക് എത്തുന്നതേയുള്ളൂ. പാതയോരങ്ങളിൽ വൻ ജനക്കൂട്ടമാണ്. നിശ്ചയിച്ച സമയത്ത് വിലാപയാത്രയ്ക്ക് തിരുവനന്തപുരം കടക്കാനാകില്ലെന്നാണ് വിലയിരുത്തൽ.