കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി ജനം. ഉച്ചയ്ക്ക് രണ്ടുമണിയോടെ, പ്രിയപ്പെട്ട കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ ശേഷം വിലാപയാത്രയായാണ് മൃതദേഹം വിളന്തറയിലെ വീട്ടിലെത്തിച്ചത്. പൊന്നുമോനെ അവസാനമായി കാണാന്‍ വിദേശത്തുനിന്ന് എത്തിയ അമ്മയുടെ ഹൃദയം പൊട്ടിയുള്ള കരച്ചില്‍ കേട്ട് കേട്ട് എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉറ്റവരും നാട്ടുകാരും. ഇനി ഒരിക്കല്‍പോലും മിഥുന്‍ ആ വീട്ടില്‍ തിരിച്ചെത്തില്ലെന്ന്് അറിയുമ്പോള്‍ ഒരുനാടാകെ ഉള്ളുപൊളളുകയാണ്.
ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടുവളപ്പില്‍ വച്ചാണ് മിഥുന്റെ സംസ്‌കാരം. നൂറ് കണക്കിനാളുകളാണ് മിഥുനെ അവസാനമായി ഒരുനോക്ക് കാണാന്‍ തേവലക്കര സ്‌കൂളിലെത്തിയത്. ആശുപത്രിയില്‍നിന്ന് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ റോഡിന്റെ ഇരുവശവും മിഥുനെ അവസാനമായി ഒരുനോക്കു കാണാന്‍ നാടൊന്നാകെ ഒഴുകിയെത്തി. കൊച്ചുമകന്റെ ചേതനയറ്റ ശരീരം കണ്ട് മിഥുന്റെ പിതാവിന്റെ അമ്മ മണിയമ്മയും ക്ലാസ് ടീച്ചറും തളര്‍ന്നുവീണു. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് കുഴഞ്ഞുവീണ ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.