കോട്ടയം: മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ മണ്ണ് മാറ്റി തിരച്ചില്‍ നടത്തണമെന്ന നിര്‍ദേശം നല്‍കിയത് താനാണ്, രക്ഷാപ്രവർത്തനം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളാണ് നടക്കുന്നത്. തിരച്ചില്‍ നിര്‍ത്തിവച്ചു എന്നുപറയുന്നത് രാഷ്ട്രീയ ആരോപണമാണെന്നും വിവരം അറിഞ്ഞ ഉടന്‍ തന്നെ സ്ഥലത്തെത്തിയതായും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.
അപകടസ്ഥലത്തി നിന്ന് കിട്ടിയ വിവരം അനുസരിച്ചാണ് ഉപയോഗശൂന്യമായ കെട്ടിടമെന്ന് പറഞ്ഞതെന്നും വാസവന്‍ പറഞ്ഞു. മെഡിക്കല്‍ സൂപ്രണ്ടാണ് ആരോഗ്യമന്ത്രിയോട് ആ കെട്ടിടം ഉപയോഗിക്കാറില്ലെന്ന് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി അങ്ങനെ മാധ്യമങ്ങളോട് പറഞ്ഞത്.
കോട്ടയം മെഡിക്കല്‍ സൂപ്രണ്ടിനെ അവിശ്വസിക്കേണ്ടതില്ല. അദ്ദേഹം അങ്ങനെ കള്ളം പറയുന്ന ഒരാളല്ല. മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്നലെ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ എംഎല്‍എയും പ്രവര്‍ത്തകരുമാണ് ആംബുലന്‍സിന് വിലങ്ങിട്ടത്. പ്രതിപക്ഷം സംഭവത്തില്‍ രാഷ്ട്രീയം കളിക്കുകയാണ്. പുരയ്ക്ക് തീപിടിക്കുമ്പോള്‍ വാഴ വെട്ടുകയെന്നതാണ് പലരുടെയും നിലപാടെന്നും മന്ത്രി പറഞ്ഞു.