കോട്ടയം: മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദു മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു വീണാ ജോർജിന്റെ പ്രതികരണം.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്നും ബിന്ദുവിന്റെ കുടുംബത്തിന്റെ ദു:ഖം തന്റേയും ദു:ഖമാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു.

കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുന്നുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നുമായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രതികരണം.

അതേസമയം മരിച്ച ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവവും മരണ കാരണം. വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞു. ആന്തരീക അവയങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കെട്ടിടം വീണപ്പോള്‍ തന്നെ അപകടത്തില്‍പ്പെട്ട് മരണം സംഭവിച്ചിരിക്കാമെന്ന നിഗമനമാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്.

ബിന്ദുവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. തലയോലപ്പറമ്പിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. മകൻ നവനീത് അന്ത്യ കർമ്മങ്ങൾ നിർവഹിച്ചു. തലയോലപ്പറമ്പിലെ വസതിയിലേക്ക് നിരവധി ആളുകളാണ് ബിന്ദുവിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്. ‘അമ്മാ..ഇട്ടേച്ച് പോവല്ലമ്മാ’ എന്ന് ഉറക്കെ കരഞ്ഞ മകൻ നവനീതിന്റെയും കരയാനാകാതെ നിന്ന മകൾ നവമിയുടെയും കാഴ്ച അവിടേക്കെത്തിയ എല്ലാവരുടെയും കരളലിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *