തിരുവനന്തപുരം: യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം. കോണ്‍ഗ്രസില്‍ ഖദര്‍ തര്‍ക്കം . വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ പോരേയെന്നും യൂത്ത് കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്‍.
യുവതലമുറ നേതാക്കള്‍ ഖദറിനോടു കാണിക്കുന്ന അകല്‍ച്ചയെ സൂചിപ്പിച്ച്, കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ രണ്ടു ദിവസം മുമ്പ് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് പുതിയ തര്‍ക്കത്തിന് കാരണമായിട്ടുള്ളത്.
ഖദര്‍ വസ്ത്രവും മതേതരത്വവുമാണ് കോണ്‍ഗ്രസിന്റെ അസ്തിത്വം. ഖദര്‍ ഒരു വലിയ സന്ദേശമാണ്, ആദര്‍ശമാണ്, മുതലാളിത്തത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ്. ഖദര്‍ ഇടാതെ നടക്കുന്നതാണ് ന്യൂജെന്‍ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. അത് അനുകരിക്കുനന്ത് കാപട്യമാണ്. നമ്മളെന്തിനാണ് ഡിവൈഎഫ്‌ഐക്കാരെ അനുകരിക്കുന്നത് ?’. എന്നാണ് അജയ് തറയില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചത്.
ഇതിനു മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്‍ രംഗത്തുവന്നു. തൂവെള്ള ഖദര്‍ വസ്ത്രത്തെ ഗാന്ധിയന്‍ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോള്‍ കാണാന്‍ കഴിയില്ല. ഖദര്‍ ഷര്‍ട്ട് സാധാരണ പോലെ വീട്ടില്‍ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണ്. കളര്‍ ഷര്‍ട്ട് എന്നാലോ എളുപ്പമാണ്. വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ പോരേയെന്നും ശബരീനാഥന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.