ചെറുപ്പക്കാർ മുതൽ മുതിർന്നവർ വരെ ഇന്ന് ഒരുപോലെ പരീക്ഷിക്കുന്ന ഒരു കാര്യമാണ് മുടി കളർ (Hair Color) ചെയുന്നത്. ചിലർ ഇത് സ്റ്റൈലിഷ് ആയിരിക്കാൻ ചെയ്യുമ്പോൾ മറ്റ് ചിലർ മുടി കളർ ചെയുന്നത് നര മറയ്ക്കാനാണ്. തലമുടിയുടെ സ്വാഭാവിക നിറമായ കറുപ്പൊക്കെ ഇപ്പോൾ ഔട്ട് ഓഫ് ഫാഷൻആയി. ഇപ്പോൾ പച്ചയും ചുവപ്പും നീലയുമൊക്കെയാണ് ട്രെന്‍ഡ്. എന്നാല്‍ തലമുടി കളര്‍ ചെയ്യുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

കളറിങ് എന്നത് ഒരു കെമിക്കല്‍ ട്രീറ്റ്‌മെന്‍റ് ( Chemical Treatment) ആണ്. ഇത് നിങ്ങളുടെ മുടിയുടെ ഘടന ഉള്‍പ്പെടെ മാറ്റും. മുടിയുടെ സ്വാഭാവിക എണ്ണമയം, തിളക്കം തുടങ്ങിയവ ഇല്ലാതാക്കുകയും മുടിയുടെ ആരോ​ഗ്യം കുറയ്ക്കുകയും ചെയ്യുന്നു. രാസവസ്തുക്കൾ അടങ്ങിയ ഡൈകളുടെ (Hair Dye) അമിത ഉപയോഗം ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കളർ ചെയുന്ന സമയത്ത് മുടി മിനുസമാർന്നതും തിളക്കമുള്ളതുമാക്കുന്നുണ്ടെങ്കിലും അവ നിരവധി ദോഷഫലങ്ങളും ഉണ്ടാക്കുന്നു.

നമ്മുടെ മുടിയുടെ സ്വാഭാവികമായ നിറം മാറ്റാൻ സഹായിക്കുന്ന സിന്തറ്റിക് സംയുക്തങ്ങളുടെ മിശ്രിതമാണ് കെമിക്കൽ അധിഷ്ഠിത ഹെയർ ഡൈകൾ. ഈ കെമിക്കൽ ഡൈകളിൽ അമോണിയ, ഹൈഡ്രജൻ പെറോക്സൈഡ്, നിറം നൽകുന്ന വിവിധ ഡൈകൾ, പിഗ്മെന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയുടെ സ്ഥിരമായുള്ള ഉപയോഗം മുടിയുടെ സ്വാഭാവിക വളർച്ചയെ ബാധിക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും.

ഡൈകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ മുടിയുടെ ഘടനയെ നശിപ്പിക്കും. അമോണിയ എന്ന രാസവസ്തുവാണ് പ്രധാനമായും മുടിയുടെ നിറമാറ്റത്തിന് സഹായിക്കുന്നത്. ഇവ എങ്ങനെയാണ് മുടിയുടെ സാധാരണ നിറം മാറ്റുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? നാം ഹെയർ കളർ ഉപയോഗിക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ മുടിയുടെ പുറം പാളി തുറക്കുകയും ഇതുവഴി കളർ മാറാൻ ആവശ്യമായ തന്മാത്രകൾ തുളച്ചുകയറാൻ അനുവദിക്കുകയും ചെയ്യുന്നു. ഇത് മുടിയിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക പ്രോട്ടീൻ ഉത്പാദനം കുറയ്ക്കുകയൂം വരണ്ടതാകുകയും തുടർന്ന് മുടി പൊട്ടിപ്പോവാൻ കാരണമാവുകയും ചെയുന്നു. സ്ഥിരമായുള്ള ഉപയോഗം മുടി കൊഴിച്ചിലിലേക്കും നയിച്ചേക്കാം.

കെമിക്കൽ ഡൈകൾ മുടിയുടെ പിഎച്ച് നിലയെയും സന്തുലിതാവസ്ഥയെയും ബാധിക്കും. ഇത് മുടി വരണ്ടതാക്കുകയും ഇലാസ്തികത ഗണ്യമായി കുറയുകയും ചെയ്യും. ഇവയുടെ ഉപയോഗം തലയോട്ടിയിൽ അലർജി ഉണ്ടാക്കാൻ ഇടയുണ്ട്.ഹെയർ ഡൈകളിലെ പാരാ-ഫെനൈലെനെഡിയാമൈൻ, മറ്റ് ആരോമാറ്റിക് അമിനുകൾ തുടങ്ങിയ സംയുക്തങ്ങൾ തലയോട്ടിയിൽ അലർജിക്ക് കാരണമാകും. ചൊറിച്ചിൽ, ചുവപ്പ്, വീക്കം, തലയോട്ടിയിലും ചുറ്റുമുള്ള ചർമ്മത്തിലും കുമിളകൾ എന്നിവയാണ് അലർജിയുടെ ലക്ഷണങ്ങൾ.

ഹെയർ ഡൈയുടെ അമിത ഉപയോഗം മൂത്രാശയ, സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുമെന്ന് ചില ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ, കെമിക്കൽ ഡൈകളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും എൻഡോക്രൈൻ സിസ്റ്റത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഹെയർ ഡൈ അബദ്ധത്തിൽ കണ്ണുകളിൽ പറ്റിയാൽ അത് അലർജി വീക്കം, കണ്ണുകൾക്ക് ഗുരുതരമായ കേടുപാടുകൾ ഉണ്ടാക്കും. ഹെയർ ഡൈ ദീർഘനേരം ഉപയോഗിക്കുന്നത് ചർമ്മത്തിൽ കറുത്ത പാടുകൾ, പ്രകോപനം, പിഗ്മെന്റേഷൻ എന്നിവയ്ക്ക് കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *