കോട്ടയത്ത് കാറ്റിലും മഴയിലും ബിഎസ്എൻഎൽ മൊബൈൽ ടവർ നിലംപതിച്ചു. പാലാ സെൻ്റ് തോമസ് കോളേജിന്റെ ലൈബ്രറി കെട്ടിടത്തിൻ്റെ നാലാം നിലയിൽ സ്ഥാപിച്ചിരുന്ന ബിഎസ്എൻഎൽ മൊബൈൽ ടവറാണ് നിലംപതിച്ചത്. കെട്ടിടത്തിന്റെ മുകളിൽ കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ചിരുന്ന ടവർ ആണ് മറിഞ്ഞു വീണത്. സിഗ്നൽ ട്രാൻസ്മിഷൻ സംവിധാനങ്ങളും കേബിളുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും തകർന്നിട്ടുണ്ട്. കോളേജിന്റെ മുറ്റത്തേയ്ക്ക് പതിച്ചതിനാൽ കോളേജ് കെട്ടിടത്തിന് കേടുപാടുകളില്ല. തലനാട് വെള്ളാനി സർക്കാർ എൽപി സ്കൂളിന്റെ മേൽക്കൂര തകർന്നു. കെട്ടിടത്തിൽ ഉണ്ടായിരുന്ന പഠനോപകരണങ്ങൾ അടക്കമുള്ളവ നശിച്ചു. ഈരാറ്റുപേട്ടയിൽ മരം വീണ് ഒരു വീട് തകർന്നു. കടുവാമൂഴി അമ്പഴത്തിനാൽ ഷിഹാബിന്റെ വീടിന് മുകളിലേക്ക് ആണ് മരങ്ങൾ വീണത്. വൈക്കം സൗത്ത് പറവൂരിലും വ്യാപകമായി മരങ്ങൾ ഒടിഞ്ഞു വീണ്. നിരവധി വൈദ്യുതി പോസ്റ്റുകളും ഇടിഞ്ഞു വീണു.