കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപ്പറേഷൻ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്ന റിമാന്‍ഡില്‍. തൃശ്ശൂർ വിജിലൻസ് കോടതി ജഡ്ജി ജി. അനിലിലാണ് 14 ദിവസത്തേക്ക് സ്വപ്നയെ റിമാന്റ് ചെയ്തത്. കൈക്കൂലി കേസിൽ ഇന്നലെയാണ് കൊച്ചി സോണൽ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നയെ വിജിലൻസ് പിടികൂടുന്നത്.

സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചിട്ടുണ്ടോ എന്നതിൽ വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോർപ്പറേഷൻ പരിധിയിൽ സ്വപ്ന നൽകിയ മുഴുവൻ ബിൽഡിംഗ്‌ പെർമിറ്റ്‌ രേഖകളും വിജിലൻസ് റെയ്ഡിലൂടെ പിടിച്ചെടുത്തു. രണ്ട് വർഷമായി വൈറ്റില സോണൽ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ ആയിരുന്ന സ്വപ്ന 2019ലാണ് തൃശൂർ കോർപ്പറേഷനിൽ സ്വപ്ന ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത്. സ്ഥലംമാറ്റത്തിൽ 2023ൽ കൊച്ചി കോർപ്പറേഷൻ വൈറ്റിലയിലെ സോണൽ ഓഫീസിലെത്തി. സ്മാർട്ടായി നിന്ന സ്വപ്ന എളുപ്പത്തിൽ മേൽ ഉദ്യോഗസ്ഥരുടെ വിശ്വാസം പിടിച്ച് പറ്റി. ഫസ്റ്റ് ഗ്രേഡ് ഓവർസിയർ റാങ്ക് ആയതിനാൽ ബിൽഡിംഗ് ഇൻസ്പെക്ടർ പദവിയും കിട്ടി. നഗരഹൃദയമായതിനാൽ കെട്ടിട പെർമിറ്റ് സംബന്ധിച്ച കുറെ അപേക്ഷകൾ ചെറിയ സമയത്തിനുള്ളിൽ സ്വപ്നയ്ക്ക് മുന്നിലെത്തി. ഇതിലെല്ലാം സ്വപ്ന അഴിമതി നടത്തിയിട്ടുണ്ടോ എന്നാണ് വിജിലൻസിന്റെ നിലവിലെ പരിശോധന.

മാസങ്ങളായി വിജിലൻസിന്റെ റഡാറിലുള്ളതാണ് കൊച്ചി കോർപ്പറേഷൻ ഓഫീസുകളെങ്കിലും കൈക്കൂലി ഏജന്റുമാർ വഴിയും രഹസ്യകേന്ദ്രങ്ങളിൽ വെച്ച് കൈമാറിയും അഴിമതിക്കാർക്ക് ഇത് വരെ എല്ലാം സേഫായിരുന്നു. എന്നാൽ വൈറ്റില സ്വദേശിയുടെ അഞ്ച് നില കെട്ടിടത്തിന് പ്ലാൻ അപ്രൂവ് ചെയ്യാൻ 4 മാസം വൈകിപ്പിച്ചിട്ടാണ് ഒടുവിൽ ഓരോ നിലയ്ക്കും 5,000 രൂപ വീതം 25000 രൂപ സ്വപ്ന ആവശ്യപ്പെട്ടത്. സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞതോടെ 15,000 എങ്കിലും വേണമെന്നായി. ഇങ്ങനെ ആറ് വർഷത്തെ സർവ്വീസിനിടയിൽ സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതാണ് വിജിലൻസ് പരിശോധിക്കുന്നത്. ഇവർക്കെതിരെ നേരത്തെ കൈക്കൂലി ആരോപണം ഉയർന്നിട്ടുണ്ടെങ്കിലും വിജിലൻസിന് തെളിവടക്കം പരാതിക്കാരൻ കൈമാറിയതോടെയാണ് കൈയ്യോടെ അറസ്റ്റ് ചെയ്യാൻ വഴിയൊരുങ്ങിയത്.

സാധാരണ ഏജന്റുമാർ വഴി രഹസ്യകേന്ദ്രത്തിൽ വെച്ചാണ് ഇവർ ഇത്തരം പണം കൈമാറുന്നതെന്നാണ് വിവരം. എന്നാൽ അവധിക്ക് മക്കളുമായി നാട്ടിൽ പോകേണ്ടതിനാൽ പൊന്നുരുന്നിയിൽ വഴിയരികിൽ അപേക്ഷ നൽകിയ വ്യക്തിയോട് പണവുമായി വരാൻ ആവശ്യപ്പെടുകയായിരുന്നു. മൂന്ന് മക്കളുടെ മുന്നിൽ വെച്ചായിരുന്നു സ്വപ്ന വിജിലൻസ് പിടികൂടിയത്. അമ്മയെ കസ്റ്റഡിയിലെടുത്ത മണിക്കൂറുകളിൽ മക്കളും കാറിൽ തന്നെ കഴിച്ച് കൂട്ടി. ഒടുവിൽ അച്ഛൻ വന്ന് മക്കളെ കൂട്ടി കൊണ്ട് പോയ ശേഷമാണ് വിജിലൻസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You missed