കൊല്ലത്ത് സ്വന്തം കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി എന്ന വാർത്ത കേരളക്കര ഞെട്ടലോടെയാണ് കേട്ടത്. സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ.. അങ്ങനെയാണ് കൊല്ലം കുണ്ടറ സ്വദേശിനിയായ ദിവ്യ ജോണിയെ കുറിച്ച് നമ്മൾ ആദ്യം അറിഞ്ഞത്. ഒരു തുറന്ന് പറച്ചിലിലൂടെ വലിയ മാറ്റങ്ങളുണ്ടാക്കിയ ദിവ്യ ജോണി വിട പറഞ്ഞു.സ്വന്തം കുഞ്ഞിനെ കൊന്നു തിന്നവൾ എന്ന് പേരുള്ള അമ്മ. കേള്‍ക്കുമ്പോഴേ ആരിലും വെറുപ്പും ദേഷ്യവും എന്ന വികാരമല്ലാതെ മറ്റൊന്നും വരാനിടയില്ലാത്ത ഒരു വാര്‍ത്തയായിരുന്നു അത്.
എന്നാല്‍ നമ്മള്‍ വെറുതെ കേട്ട്, അഭിപ്രായവും പറഞ്ഞുപോകുന്ന ഓരോ സംഭവങ്ങള്‍ക്കും പിന്നില്‍ എത്രയെത്ര വേദനകളുടെ കഥകളാകാം ഒളിച്ചിരിക്കുന്നത്. അങ്ങനെയൊരു കഥയാണ് ദിവ്യ ജോണിയെന്ന യുവതിയുടേതും. പ്രസവാനന്തരം സ്ത്രീകള്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള ‘പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍’ എന്ന പ്രത്യേക മാനസികാവസ്ഥയെ കുറിച്ച് ഈ അടുത്ത കാലങ്ങളില്‍ വളരെയധികം ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു.
എത്ര അനുകൂലമായ സാഹചര്യങ്ങളുള്ള സ്ത്രീകളിലും ഈ മാനസിക പ്രശ്‌നം ഉടലെടുത്തേക്കാം. പ്രതികൂലമായ ചുറ്റുപാടുകളില്‍ നില്‍ക്കുന്ന സ്ത്രീകളില്‍ ഇത് കുറെക്കൂടി തീവ്രവും അപകടകരവുമായി വളരാം. അങ്ങനെയൊരു ദുരവസ്ഥയിലൂടെ കടന്നുപോയിരുന്ന വ്യക്തിയായിരുന്നു ദിവ്യ. പഠിക്കാന്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടി. ഏറെ പ്രതീക്ഷകളുമായി താന്‍ തന്നെ തെരഞ്ഞെടുത്ത ഒരാള്‍ക്കൊപ്പമള്ള വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വച്ചു. എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്തുള്ള ജീവിതമായിരുന്നില്ല ദിവ്യയെ കാത്തിരുന്നത്. വൈകാരികമായ ഒറ്റപ്പെടലും, അവഗണനയും ദിവ്യയെ പലവട്ടം മുറിപ്പെടുത്തിയിരുന്നു.
ഗര്‍ഭിണി ആയപ്പോഴും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോഴും വീണ്ടും ജീവിതത്തെ പ്രതീക്ഷാപൂര്‍വം തന്നെ കാത്തിരുന്നു. എന്നാല്‍ സിസേറിയന്റെ വേദനയോടെ തിരിച്ച് ഭര്‍തൃഗൃഹത്തിലേക്ക് എത്തിയപ്പോള്‍ എതിരേറ്റതും വീണ്ടും പഴയ അവഗണന തന്നെ. ശാരീരികവും മാനസികവുമായ വേദനകളും, അതിനോട് ചുറ്റുപാടുകളില്‍ നിന്നുണ്ടായ തുടര്‍ച്ചയായ അവഗണനയും ദിവ്യയെ പതുക്കെ മറ്റൊരാളാക്കി മാറ്റുകയായിരുന്നു. ജീവിതത്തോടുള്ള നിരാശയും അമര്‍ഷവും ആരോടാണ് കാണിക്കേണ്ടതെന്നോ, എവിടെയാണ് തീര്‍ക്കേണ്ടതെന്നോ പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. അത് പതിയെ സ്വന്തം കുഞ്ഞിലേക്ക് തിരിഞ്ഞപ്പോള്‍ പോലും അതിനെ പിടിച്ചുനിര്‍ത്താനോ കൈകാര്യം ചെയ്യാനോ കഴിഞ്ഞില്ല.
അങ്ങനെ ഏറ്റവും ശപിക്കപ്പെട്ട ഒരു നിമിഷത്തില്‍ ദിവ്യയുടെ നിരാശകളുടെ ഭാരം ആ കുഞ്ഞ് ഏറ്റവുവാങ്ങി. അത് എങ്ങനെ സംഭവിച്ചുവെന്ന് പോലും ദിവ്യക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകനായ ഐപ്പ് വള്ളിക്കാടന്‍ തയ്യാറാക്കിയ വീഡിയോയിലൂടെയാണ് ദിവ്യ ജോണിയുടെ ഈ ജീവിതകഥ മലയാളികള്‍ അറിയുന്നത്. താന്‍ കടന്നുപോന്ന മാനസികാവസ്ഥകളുടെ തീവ്രതയും ഇപ്പോഴും അനുഭവിക്കുന്ന വേദനകളുടെ ആഴവും വാക്കുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ദിവ്യ പാടുപെടുന്നത് ആ വീഡിയോയില്‍ വ്യക്തമായിരുന്നു.
മൂന്നരമാസം പ്രായമുള്ള തന്റെ പെൺകുഞ്ഞിനെയാണ് ദിവ്യ കൊലപ്പെടുത്തിയത്. ചിറ്റുമലയിൽ ആയുർവേദ ക്ലിനിക്ക് നടത്തുന്ന പുത്തൂർ തെക്കുമ്പുറം ശങ്കരവിലാസത്തിൽ ഡോ. ബബൂലിന്റെ ഭാര്യയായിരുന്നു ദിവ്യ. ദിവ്യയുടെ വീടായ കാഞ്ഞിരകോട് മായംകോട് നന്ദാവനത്തിൽ ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. യുവതിയുടെ അച്ഛൻ ഓട്ടോറിക്ഷാ തൊഴിലാളിയായ ജോണി സെബാസ്റ്റ്യൻ വീട്ടിലെത്തി വാതിൽതുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ദിവ്യ വാതിൽതുറക്കാൻ തയ്യാറായില്ല. ഒടുവിൽ വാതിൽ തുറന്ന് ദിവ്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇയാൾ കുഞ്ഞിനെ എടുത്തു പരിശോധിച്ചപ്പോൾ അനക്കമുണ്ടായിരുന്നില്ല. ഉടൻതന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.
There is no ads to display, Please add some