സംവിധായകനും യൂബർ ടാക്സി ഡ്രൈവറുമായ കോട്ടയം സംക്രാന്തി സ്വദേശി റിയാസ് മുഹമ്മദിനെ ചതിച്ച ഗൂഗിൾ പേ രക്ഷിച്ചത് ഒരു നാടിനെയാണ്..! കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അപ്രതീക്ഷിത സംഭവത്തെ സമചിത്തതയോടെ നേരിട്ടാണ് റിയാസ് മുഹമ്മദ് വൻ അപകടം ഒഴിവാക്കിയത്. കോട്ടയം കാണക്കാരി പൊൻമാങ്കൽ പമ്പിൽ എത്തിയ ലോറിയിൽ നിന്നും സി.എൻ.ജി ചോർന്ന വിഷയത്തിലാണ് കൃത്യമായ ഇടപെടലോടെ റിയാസ് മുഹമ്മദ് വൻ അപകടം ഒഴിവാക്കിയത്.
ഇന്നലെ രാത്രിയിൽ 12 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. രാത്രിയിൽ യൂബർ ടാക്സി ഡ്രൈവർ കൂടിയായ റിയാസ് മുഹമ്മദ് വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനായാണ് കാണക്കാരി പൊൻമാങ്കൽ പമ്പിൽ എത്തിയത്. ഇന്ധനം നിറച്ച ശേഷം പണം നൽകാൻ ഗൂഗിൾ പേ വഴി ശ്രമിച്ചെങ്കിലും സെർവർ എറർ ആണ് കാണിച്ചത്. ഉടൻ തന്നെ ഇദ്ദേഹം വാഹനത്തിന്റെ ഉടമയെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന്, നേരിൽ എത്തിയാൽ പണം നൽകാമെന്നായി ഉടമ. ഇതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹം പമ്പിൽ നിന്നും ഉടമയുടെ അടുത്തേയ്ക്ക് പോയി പണം വാങ്ങി തിരികെ എത്തി.
പണവുമായി തിരികെ എത്തിയപ്പോഴാണ് റിയാസ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. പമ്പിനുള്ളിൽ ഇന്ധനം നിറയ്ക്കാൻ എത്തിയ നാലു ടാങ്കുള്ള ലോറിയിൽ നിന്നും സിഎൻജിയുടെ വാൽവ് തകർന്ന് ഗ്യാസ് ലീക്ക് ചെയ്യുന്നു. പമ്പിനുള്ളിൽ മറ്റൊരു വലിയ വാഹനം ഗ്യാസ് ടാങ്കറിനുള്ളിൽ നിറയക്കുന്നുമുണ്ടായിരുന്നു. ഉടൻ തന്നെ പ്രശ്നത്തിൽ ഇടപെട്ട റിയാസ് മുഹമ്മദ് ആദ്യം ഏറ്റുമാനൂർ പൊലീസിൽ വിളിച്ചു. എന്നാൽ, കുറവിലങ്ങാട് സ്റ്റേഷൻ പരിധി ആയതിനാൽ ഇവിടെ വിളിച്ച് വിവരം പറയാനാണ് ഏറ്റുമാനൂർ പൊലീസ് നിർദേശിച്ചത്. ഇത് അനുസരിച്ച് കുറവിലങ്ങാട് സ്റ്റേഷനിൽ വിളിച്ച് റിയാസ് കാര്യം അറിയിച്ചു. അൽപ സമയം വൈകിയപ്പോൾ വീണ്ടും ഫോൺ വിളിച്ച റിയാസ് സംഭവത്തിന്റെ ഗൗരവം അറിയിച്ചു.
ഇതോടെ അഗ്നിരക്ഷാ സേനയും, പൊലീസ് സംഘവും സ്ഥലത്ത് എത്തി. അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി പ്രാഥമിക രക്ഷാപ്രവർത്തനം നടത്തി. വാഹനം ലീക്ക് മാറ്റിയ ശേഷം മാത്രം ഓടിച്ചാൽ മതിയെന്ന നിർദേശം പൊലീസും അഗ്നിരക്ഷാ സേനാ സംഘവും ലോറി ഡ്രൈവർക്ക് നൽകി. ഇതേ തുടർന്ന് ലോറി പമ്പിൽ തന്നെ നിർത്തിയിട്ടു. രാവിലെ കമ്പനിയിൽ നിന്നും ആളെത്തി തകരാർ പരിഹരിച്ച ശേഷമാണ് ലോറി യാത്ര പുനരാരംഭിച്ചത്. എന്തായാലും വലിയ അപകടം ഒഴിവാക്കാൻ ഇടപെടാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് റിയാസ് മുഹമ്മദ്.
There is no ads to display, Please add some