എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

യാത്രയയപ്പ് യോഗത്തില്‍ ദിവ്യ നടത്തിയ അധിക്ഷേപമാണ് മരണകാരണമെന്നും കുറ്റപത്രത്തിലുണ്ട്. ഔദ്യോഗിക ജീവിതത്തില്‍ ഗുരുതര വേട്ടയാടല്‍ ഉണ്ടാകുമെന്ന് നവീന്‍ ബാബു ഭയപ്പെട്ടുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഡിഐജിയുടെ അനുമതി കിട്ടിയതിന് പിന്നാലെയാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.ആകെ 79 സാക്ഷികളാണ് കേസിലുള്ളത്. പെട്രോള്‍ പമ്പിന് ഉപേക്ഷിച്ച ടിവി പ്രശാന്തന്‍ കേസില്‍ 43-ാം സാക്ഷിയാണ്. പുലര്‍ച്ചെ 4.56 നും രാവിലെ 8 മണിക്കുമിടയിലാണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തത്.

നവീന്‍ ബാബു മരിച്ച് അഞ്ചുമാസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. നൂറിലേറെ പേജുള്ള കുറ്റപത്രത്തില്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് നേരിട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. നേരത്തെ റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ ഇതിന് തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു.

24 ഒക്ടോബര്‍ 14നാണ് എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് ക്ഷണിക്കാതെയെത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പിപി ദിവ്യ അധിക്ഷേപ പ്രസംഗം നടത്തിയത്. തൊട്ടടുത്ത ദിവസം ക്വാര്‍ട്ടേഴ്‌സിലെ ഉത്തരത്തില്‍ നവീന്‍ ബാബു തൂങ്ങിമരിച്ചെന്നാണ് കേസ്. തുടക്കത്തില്‍ അസ്വാഭാവിക മരണമായിരുന്നെങ്കില്‍ വൈകാതെ പിപി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണത്തിന് പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും പാര്‍ട്ടി ചുമതലകളില്‍നിന്നും സിപിഎം ദിവ്യയെ ഒഴിവാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *