ശരീരഭാരം കുറയ്ക്കാന്‍ യൂട്യൂബിലെ ഡയറ്റ് പിന്തുടര്‍ന്ന് പതിനെട്ടുകാരി മരണത്തിന് കീഴടങ്ങിയ സംഭവം നല്‍കുന്നത് വലിയ മുന്നറിയിപ്പെന്ന് ആരോഗ്യ വിദഗ്ധര്‍. അനാരോഗ്യകരമായ ഭക്ഷണ ക്രമീകരണങ്ങള്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സില്‍ സ്വീകരിക്കുന്ന രീതി കേരളത്തില്‍ ഉള്‍പ്പെടെ വര്‍ധിച്ചിട്ടുണ്ടെന്ന സംഭവത്തിലെ അവസാന ഉദാഹരണമാണ് കണ്ണൂരിലെ സംഭവം എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

കണ്ണൂര്‍ കൂത്തുപറമ്പ് നിവാസിയായ എം ശ്രീനന്ദ (18)യ്ക്കാണ് അശാസ്ത്രയ ഡയറ്റിന്റെ ഫലമായി ജീവന്‍ നഷ്ടമായത്. ശ്രീനന്ദ എന്ന പെണ്‍കുട്ടി മാസങ്ങളായി വെള്ളം മാത്രം കുടിച്ചാണ് ജീവിച്ചിരുന്നത് എന്നും ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

മട്ടന്നൂര്‍ പഴശ്ശി രാജ എന്‍എസ്എസ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ശ്രീനന്ദ. കടുത്ത ക്ഷീണവും ഛര്‍ദ്ദിയും മൂലം ഒരാഴ്ച മുമ്പ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശീനന്ദ. വെന്റിലേറ്ററില്‍ കഴിയവെയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. ശരീരഭാരം കൂടുമെന്ന ഭയം മൂലമുണ്ടാകുന്ന അനോറെക്‌സിയ നെര്‍വോസ ആരോഗ്യ പ്രശ്‌നമാണ് ശീനന്ദയ്ക്ക് ഉണ്ടായിരുന്നതെന്ന് യുവതിയെ ചികിത്സിച്ച ഡോ. നാഗേഷ് പ്രഭു പ്രതികരിച്ചു.

”ആറുമാസമായി പെണ്‍കുട്ടി സ്വയം പട്ടിണി കിടക്കുകയായിരുന്നു. കുട്ടിയുടെ അശാസ്ത്രീയ ഡയറ്റിന്റെ പശ്ചാത്തലത്തില്‍ നേരത്തെ ഒരു ഡോക്ടര്‍ മാനസിരോഗ്യ വിദഗ്ധന്റെ സഹായം തേടാന്‍ കുടുംബത്തോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഭക്ഷണശീലങ്ങളെ മാത്രമല്ല, വ്യക്തിയുടെ മാനസിക നിലയുമായും ബന്ധപ്പെട്ട ഒരു സങ്കീര്‍ണ്ണ രോഗമാണ് അനോറെക്‌സിയ നെര്‍വോസ. രോഗികള്‍ക്ക് വിശപ്പ് നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കും, ശ്രീനന്ദയുടെ രക്തത്തിലെ സോഡിയത്തിന്റെയും പഞ്ചസാരയുടെയും അളവ് വലിയ തോതില്‍ കുറഞ്ഞിരുന്നു,” ഡോക്ടര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന അശാസ്ത്രീയമായ ഡയറ്റ് നിര്‍ദേശങ്ങളാണ് ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, ശ്രീനന്ദയുടെ മരണം ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് മറ്റ് ചില പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. എട്ട് വയസ്സുള്ള കുട്ടിയുടെ പിതാവാണ് കുടുംബത്തിന്റെ അനുഭവം പങ്കുവെച്ചു.

”പ്രായത്തിലും അല്‍പ്പം കൂടുതല്‍ ഭാരം ഉണ്ടായിരുന്ന കുട്ടിയായിരുന്നു അവള്‍. എന്നാല്‍ രണ്ട് മാസത്തിനുള്ളില്‍ അവളുടെ ഭാരം ഗണ്യമായി കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. കായിക പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നാണ് കരുതിയത്. കാരണം അവള്‍ കുടുംബത്തോടൊപ്പമാണ് ഭക്ഷണം കഴിച്ചിരുന്നത്. അതിനാല്‍ സംശയം തോന്നിയില്ല. എന്നാല്‍ പിന്നീട് കട്ടിലിനടിയിലും വീടിന്റെ അപ്രതീക്ഷിത കോണുകളിലും ഭക്ഷണസാധനങ്ങള്‍ കണ്ടെത്തിയതോടെയാണ് ആ രഹസ്യം തിരിച്ചറിഞ്ഞത്. അമിത ഭാരം കുറയ്ക്കാന്‍ അവള്‍ രഹസ്യമായി പട്ടിണികിട്ടക്കുകയായിരുന്നു.” മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം, ഇപ്പോള്‍ കുട്ടി സുഖം പ്രാപിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതായും പിതാവ് പ്രതികരിച്ചു.

സൗന്ദര്യത്തിന്റെ അടിസ്ഥാനം സൈസ് സീറോ ശരീരമാണെന്ന അബദ്ധധാരണയാണ് കൗമാരക്കാരെ ഇത്തരം സാഹചര്യത്തില്‍ കൊണ്ടെത്തിക്കുന്നത് എന്നാണ് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം. ഇതിന് പിന്നില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ വലിയ സ്വാധീനമുണ്ട്. ഭക്ഷണക്രമക്കേടുകള്‍ വ്യക്തികളെ മാത്രമല്ല, മുഴുവന്‍ കുടുംബങ്ങളെയും ബാധിക്കുന്ന അവസ്ഥയാണെന്ന് ശിശുരോഗവിദഗ്ദ്ധയായ ഡോ. അനിത ശിവപ്രകാശ് പറഞ്ഞു. ”ശരീരഭാരത്തിലും ഭക്ഷണത്തിലും അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ നിന്നാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്, ഇത് പോഷകാഹാരത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഭക്ഷണക്രമത്തിലേക്ക് നയിക്കുന്നു. ആറ് മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ ഭക്ഷണക്രമക്കേടുകള്‍ വര്‍ദ്ധിച്ചുവരികയാണ് എന്നത് കൂടുതല്‍ ആശങ്കാജനകമായ വസ്തുതയാണ് എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സൈക്കോതെറാപ്പി, മരുന്നുകള്‍, പോഷകാഹാരം, കൗണ്‍സിലി, കഠിനമായ കേസുകളില്‍ ആശുപത്രിയില്‍ വാസം എന്നിവ പോലും പല കേസുകളിലും ആവശ്യമാണ്. എന്നാല്‍ വൈദ്യശാസ്ത്രപരവും മാനസികവുമായ സ്ഥിരമായ പിന്തുണയും അമിതമായ ഭക്ഷണക്രമത്തിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതും ചെയ്യുന്നതിലൂടെ സംഭവങ്ങള്‍ തടയുന്നതില്‍ നിര്‍ണായകമാണെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *