കുറിപ്പടിയില്ലാതെ ഗുളിക നൽകില്ലെന്ന് മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ പറഞ്ഞതിനെ തുടർന്ന് പ്രകോപിതരായ യുവാക്കൾ മെഡിക്കൽ ഷോപ്പ് അടിച്ചുതകർത്തു. നെയ്യാറ്റിൻകര ആശുപത്രി ജംക്‌ഷനു സമീപമുള്ള അപ്പോളോ മെഡിക്കൽ ഷോപ്പാണ് അടിച്ചു തകർത്തത്.
ലഹരിമരുന്നിനു പകരമായി പോലും ഉപയോഗിക്കാറുള്ള ഉറക്കഗുളികയാണ് സംഘം ആവശ്യപ്പെട്ടതെന്നാണ് മെഡിക്കൽ ഷോപ്പ് ഉടമ നൽകിയ പരാതിയിൽ പറയുന്നത്. ഇത്തരം മരുന്നുകൾ ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ നൽകരുതെന്നാണ് നിയമം.
ജീവനക്കാരൻ മരുന്ന് നൽകാൻ വിസമ്മതിച്ചതിന് പിന്നാലെ തിരികെ പോയ യുവാക്കൾ പുലർച്ചെ 2 മണിയോടെ വീണ്ടും കടയ്ക്കടുത്തെത്തി. ബൈക്കിലെത്തിയ സംഘം ജീവനക്കാരനായ അനസിനോട് പുറത്തുവരാൻ ആവശ്യപ്പെട്ടു. പിന്നാലെ ജീവനക്കാരന്റെ ബൈക്ക് തകർത്തു. ഇതിനു ശേഷമാണ് മെഡിക്കൽ ഷോപ്പിന്റെ ഗ്ലാസുകളും അടിച്ചു തകത്തത്. ബഹളം കേട്ട് പരിസരവാസികളും മറ്റും ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ബൈക്കുകളിൽ കടന്നുകളയുകയായിരുന്നു. പ്രതികളെ തിരയുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണമെന്നും പൊലീസ് അറിയിച്ചു.
There is no ads to display, Please add some