തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിനു നാളെ കൊല്ലത്തു പതാക ഉയരും. നേതൃത്വത്തിന്റെ 75 വയസ് പ്രായപരിധി സംബന്ധിച്ചുള്ള ചർച്ചകളാണ് സജീവമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയിൽ വീണ്ടും ഇളവു നൽകുമെന്നാണ് സൂചന. അദ്ദേഹം സംസ്ഥാന കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും തുടരും. എം.വി. ഗോവിന്ദൻ പാർട്ടി സംസ്‌ഥാന സെക്രട്ടറി സ്ഥാനത്തു തുടരുമെന്നുമാണ് ലഭിക്കുന്ന വിവരം. ഇ.പി. ജയരാജൻ കേന്ദ്രകമ്മിറ്റിയിൽ തുടരുന്ന കാര്യത്തിലാണ് ചർച്ച നടക്കുന്നത്.

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും ആത്മകഥാ വിവാദവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ജില്ലാ സമ്മേളനങ്ങളിൽ ചർച്ചയായിരുന്നു. രണ്ടു ടേം മത്സരിച്ചവർക്കു വീണ്ടും സീറ്റ് നൽകേണ്ടതില്ല എന്നു മുൻപ് തീരുമാനിച്ചിരുന്നു. ഇതിൽ മാറ്റം വരുത്തുമോ എന്നതുൾപ്പെടെ ഉറ്റുനോക്കുന്ന വിഷയമാണ്. സംസ്‌ഥാന കമ്മിറ്റിയിലേക്ക് 75 വയസ്സ് എന്ന പ്രായപരിധി കർശനമായി പാലിക്കുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. സംസ്ഥാന കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കില്ല.

എൽഡിഎഫ് സർക്കാർ മൂന്നാമതും അധികാരത്തിൽ എത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ടാണ് സിപിഎം സംസ്ഥാന സമ്മേളനത്തിലേക്കു കടക്കുന്നത്. വിഭാഗീയതയുടെ കനലുകൾ ഏതാണ്ട് അണഞ്ഞ പാർട്ടിയിൽ നിലവിൽ അത്തരം ‘ഭീഷണി’കളില്ല. തുടർ ഭരണത്തിന്റെ വിലയിരുത്തലും വരാൻ പോകുന്ന തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള ഗൃഹപാഠവും ആകും സമ്മേളനത്തിൻ്റെ മുഖ്യ അജൻഡ. ബ്രൂവറി വിഷയത്തിലും ടോൾ പിരിവിലും സ്വകാര്യ സർവകലാശാല വിഷയത്തിലും സർക്കാർ എടുക്കുന്ന നിലപാടുകൾ പാർട്ടിയുടെ നയവ്യതിയാനമായി വിലയിരുത്തപ്പെടുന്നതും സംസ്‌ഥാന സമ്മേളനത്തിൽ ചർച്ചയാകും.

ബിജെപി സർക്കാർ ഫാഷിസ്റ്റ് സർക്കാരല്ല എന്ന നിലപാട് സംബന്ധിച്ചും പാർട്ടിക്കുള്ളിൽ തർക്കമുണ്ട്. മൂർത്തമായ സാഹചര്യത്തിൽ നടപ്പാക്കുന്ന കാലോചിതമായ മാറ്റങ്ങൾ എന്നാണ് സിപിഎം നേതൃത്വം ഇക്കാര്യങ്ങളെ വിലയിരുത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ അണികളെ കൂടി ബോധ്യപ്പെടുത്തി മുന്നോട്ടുപോകാനുള്ള നയപരിപാടികളാവും പാർട്ടി മുന്നോട്ടു വയ്ക്കുക.

അഞ്ചിനു വൈകിട്ട് അഞ്ചിന് ആശ്രാമം മൈതാനിയിൽ സംസ്ഥാന സമ്മേളനത്തിന് കൊടിയുയരും. ആറിനു രാവിലെ 10ന് സി. കേശവൻ സ്മ‌ാരക ടൗൺ ഹാളിൽ നടക്കുന്ന സംസ്‌ഥാന സമ്മേളനം പൊളിറ്റ്ബ്യൂറോ കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. പിബി അംഗങ്ങളായ പിണറായി വിജയൻ, എം.എ. ബേബി, ബി.വി. രാഘവലു, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്ലെ, എ.വിജയരാഘവൻ, സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുക്കും. 530 പ്രതിനിധികൾ പങ്കെടുക്കും. 486 പ്രതിനിധികളും അതിഥികളും നിരീക്ഷകരുമായി 44 പേരുമാണ് പങ്കെടുക്കുന്നത്. ആകെയുള്ള പ്രതിനിധികളിൽ 75 പേർ വനിതകളാണ്. സമ്മേളനത്തിനു സമാപനം കുറിച്ച് ഒമ്പതിനു വൈകിട്ട് ആശ്രാമം മൈതാനത്ത് ചുവപ്പുസേനാംഗങ്ങളുടെ പരേഡും ബഹുജനറാലിയും നടക്കും.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *