തിരുവനന്തപുരം: പ്രസം​ഗത്തിനിടെ കണ്ണിമാങ്ങ ഞെട്ടറ്റ് തലയിലേക്ക്, താഴെ വീഴാതെ മാങ്ങ കൈപ്പിടിയിലൊതുക്കി മന്ത്രി വി ശിവൻകുട്ടി. ബഹ്റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതി ലഭിച്ച വ്യവസായി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലാണ് മന്ത്രി ശിവൻകുട്ടിയുടെ തലയിലേക്ക് കണ്ണിമാങ്ങ വീണത്. തലയില്‍ തട്ടി ഞൊടിയിടയില്‍ താഴേക്കു വീഴാനൊരുങ്ങിയ കണ്ണിമാങ്ങ മന്ത്രി കൈക്കുള്ളിലാക്കി, തൊട്ടടുത്തിരുന്ന നോര്‍ക്ക സെക്രട്ടറി കെ വാസുകിക്കു കൈമാറി.

തൊട്ടടുത്ത നിമിഷം ഇനിയും തലയിലേക്ക മാങ്ങ വീഴുമോയെന്നു മുകളിലേക്കു നോക്കുന്ന മന്ത്രിയുടെയും പുഞ്ചിരിയോടെ തൊട്ടടുത്തിരിക്കുന്ന വാസുകിയുടെയും ചിത്രം കേരള മീഡിയ അക്കാദമി വിദ്യാര്‍ഥിനിയായ സുപര്‍ണ എസ് അനില്‍ പകര്‍ത്തുകയായിരുന്നു. ഈ ചിത്രം ശ്രദ്ധയില്‍പ്പെട്ടതോടെ മന്ത്രി അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ ചിത്രം പങ്കുവെച്ച് സുപര്‍ണയെ അഭിനന്ദിക്കുകയും ചെയ്തു.ഭാവിയിൽ ഇത്തരം നിരവധി ഫോട്ടോകൾ എടുക്കാൻ അവസരം ഉണ്ടാകട്ടെ എന്ന് മന്ത്രി സുപർണയെ ആശംസിക്കുകയും ചെയ്തു.

ഒരാഴ്ച മുൻപ് രവി പിള്ളയുടെ ജീവിതയാത്ര ഫോട്ടോ എക്സിബിഷന്റെ ഉദ്ഘാടനം നിർവഹിക്കാൻ യൂണിവേഴ്സിറ്റി കോളേജിലെ തുറന്ന വേദിയിലെത്തിയതായിരുന്നു മന്ത്രി. എം.വിൻസെന്റ് എം.എൽ.എ. വേദിയിൽ പ്രസംഗിക്കുന്നതിനിടെ മന്ത്രിയുടെ തലയിലേക്ക് കണ്ണിമാങ്ങ വീണു. ആ നിമിഷത്തെ ക്യാമറയ്ക്കുള്ളിലൂടെ കണ്ടെങ്കിലും സുപർണയ്ക്കു പകർത്താനായില്ല. തുടർന്ന് തൊട്ടടുത്ത നിമിഷം പകർത്താനായി ശ്രമം. പ്രധാനപ്പെട്ടൊരു നിമിഷം പകർത്താൻ കഴിയാതെപോയതിൽ നിരാശ തോന്നിയെങ്കിലും മന്ത്രി മാവിന്റെ മുകളിലേക്കു നോക്കുന്ന ചിത്രം പകർത്താനായി.

Leave a Reply

Your email address will not be published. Required fields are marked *