കോഴിക്കോട് മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസ് പിടിയില്‍. തൃശൂര്‍ കുന്നംകുളത്തുവച്ചാണ് ഇയാള്‍ പിടിയിലായത്. കേസില്‍ ഹോട്ടല്‍ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവര്‍ ഒളിവിലാണ്.
ദേവദാസിന്റെ ഉടമസ്ഥതയിലുള്ള സങ്കേതം എന്ന ഹോട്ടലില്‍ ജീവനക്കാരിയായിരുന്നു പെണ്‍കുട്ടി. ശനിയാഴ്ച രാത്രിയോടെ ഹോട്ടലിലെ ജീവനക്കാര്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചെത്തി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭയന്ന പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി. ഹോട്ടലുടമയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനാണ് കെട്ടിടത്തില്‍നിന്ന് ചാടിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച തെളിവും പരാതിക്കാരി പൊലീസിന് കൈമാറി.
വീഴ്ചയില്‍ വാരിയെല്ലിനും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
ഇതിനിടെ ദേവദാസ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെയും കുട്ടി നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഫോണില്‍ ഗെയിം കളിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലെ സ്‌ക്രീന്‍ റെക്കോഡില്‍ പതിഞ്ഞതാണു ദൃശ്യങ്ങള്‍.
There is no ads to display, Please add some