ഇന്ന് (തിങ്കളാഴ്ച) അര്‍ധരാത്രി 12 മുതല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സമരത്തിലേക്ക്. ഐ.എന്‍.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടി.ഡി.എഫ്) നേതൃത്വത്തിലാണ് 24 മണിക്കൂര്‍ പണിമുടക്ക്.

ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, 31 ശതമാനം ഡി.എ കുടിശിക അനുവദിക്കുക, ദേശസാല്‍കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക തുടങ്ങി കെ.എസ്.ആര്‍.ടിസി ജീവനക്കാരെ മൊത്തത്തില്‍ ബാധിക്കുന്ന 12 വിഷയങ്ങള്‍ ഉന്നയിച്ചാണ് സമരം.

പണിമുടക്ക് ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ പണിമുടക്കില്‍ നിന്ന് പിന്മാറില്ലെന്ന് ടി.ഡി.എഫ് അറിയിച്ചു.

പണിമുടക്കിനെ കര്‍ശനമായി നേരിടാനാണ് മാനേജ്‌മെന്റിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. പണിമുടക്ക് ദിവസം ഓഫീസര്‍മാര്‍ ജോലിയിലുണ്ടാകണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. സിവില്‍ സര്‍ജന്റെ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ അവധി അനുവദിക്കരുതെന്നും താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സര്‍വീസുകള്‍ നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാ മാസവും 5ന് മുന്‍പ് നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പ്രഖ്യാപിച്ചെങ്കിലും മാസം പകുതിയോടയാണ് ഇപ്പോഴും ശമ്പളം കിട്ടുന്നത്. ഇതാണ് സമരത്തിന്റെ പ്രധാന കാരണം.

Leave a Reply

Your email address will not be published. Required fields are marked *