തൃപ്പൂണിത്തുറയിൽ 15കാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കുട്ടി സ്കൂളിൽ ക്രൂരമായ റാഗിങ്ങിന് ഇരയായെന്ന് അമ്മയുടെ പരാതി. സഹപാഠികൾ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കുട്ടി പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെയാണ് പരാതി. ഹിൽപാലസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ജനുവരി 15നാണ് മിഹിര്‍ ഫ്ലാറ്റിലെ 26-ാം നിലയില്‍ നിന്നും ചാടി മരിച്ചത്.
ഗ്ലോബൽ സ്കൂളിലെ കുട്ടികൾ മിഹിറിനെ ബസില്‍ വച്ച് ക്രൂരമായി മര്‍ദിച്ചുവെന്നും വാഷ് റൂമിൽ കൊണ്ട് പോയി ക്ലോസറ്റ് നക്കിപ്പിക്കുകയും മുഖം പുഴ്ത്തി വച്ചു ഫ്ലഷ് അമര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. നിറത്തിന്‍റെ പേരില്‍ അധിക്ഷേപിച്ചതായും പരാതിയിലുണ്ട്. മിഹിര്‍ ജീവനൊടുക്കിയ ദിവസം പോലും ക്രൂരമായ പീഡനമേല്‍ക്കേണ്ടി വന്നുവെന്നും അമ്മ പറയുന്നു.
”മിഹിർ മൂന്ന് മാസം മുമ്പ് പുതുതായി ചേർന്ന ഗ്ലോബൽ പബ്ലിക് സ്കൂളിൽ വെച്ച് ഒരു പ്രത്യേക ഗ്യാങ് വിദ്യാർത്ഥികളാൽ അതി ക്രൂരമായി റാഗ് ചെയ്യപ്പെട്ടിരുന്നതായി അമ്മയുടെ പരാതിയിൽ പറയുന്നു. സഹപാഠികളോടും സുഹൃത്തുക്കളോടും സംസാരിച്ചതിൽ നിന്നും, ചില സോഷ്യൽ മീഡിയ ചാറ്റുകളുടെ അടിസ്ഥാനത്തിലും അവൻ ശക്തമായ മാനസിക ശാരീരിക പീഡനങ്ങൾക്ക് വിധേയനായിരുന്നു എന്നാണ് വ്യക്തമാവുന്നത്.
സ്‌കൂളിൽ വെച്ചും, സ്കൂൾ ബസിൽ വെച്ചും ഞങ്ങളുടെ മകൻ അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അവനു ശാരീരിക ഉപദ്രവമേൽക്കുകയും നിറത്തിന്റെ പേരിലും മറ്റുമുള്ള പരിഹാസവും കുത്തുവാക്കുകളും സഹിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. വാഷ് റൂമിൽ കൊണ്ട് പോയി അവനെ അതി കഠിനമായി ഉപദ്രവിക്കുകയും ക്ലോസറ്റിൽ ബലമായി മുഖം പൂഴ്ത്തിച്ചു ഫ്ലഷ് ചെയ്യുകയും ടോയ്‌ലറ്റിൽ നക്കിക്കുകയും ചെയ്തു.
ജീവനൊടുക്കിയ ദിവസംപോലും ക്രൂരമായ പീഡനങ്ങൾക്ക് അവൻ ഇരിയായിരുന്നു എന്ന് ചാറ്റുകളിൽ നിന്ന് ബോധ്യപ്പെടുന്നുണ്ട്. അവരുടെ മെസേജുകളെല്ലാം മനസ്സാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്നതാണ്. ഇതെല്ലാം ശരിയാംവണ്ണം പുറത്തുവരേണ്ടതും ഇതിനെതിരെ ആവശ്യമായ നടപടികൾ ഉണ്ടാവേണ്ടതുമുണ്ട്.
സ്കൂൾ അധികൃതരോട് ഈ കാര്യങ്ങൾ ഞങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ ഈ കാര്യങ്ങൾ പുറം ലോകം അറിയുമ്പോൾ അവരുടെ സൽപേര് നഷ്ടപ്പെടാതിരിക്കാനുള്ള ആശങ്കയിലാണ് അവർ എന്നാണ് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. അവർക്ക് പൊലീസിൽ അറിയിക്കുക എന്നതിനപ്പുറം യാതൊരു ഉത്തരവാദിത്തവും ഇല്ല എന്ന തരത്തിലുള്ള സമീപനം ഞങ്ങളെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. ഇനിയും അവിടെയുള്ള മറ്റൊരു കുട്ടിക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള ജാഗ്രത അധികാരികളിൽ നിന്ന് ഉണ്ടാവേണ്ടതുണ്ട്. ഈ മരണത്തിന്റെ പിന്നിലെ സത്യം പുറത്തുകൊണ്ടുവരണമെന്ന് ആഗ്രഹിച്ച അവന്റെ ചില സഹപാഠികൾ ചേർന്ന് ആരംഭിച്ച ‘justice for Mihir’ എന്ന പേരിലെ ഇൻസ്റ്റാഗ്രാം പേജും ഇപ്പോൾ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതും ഏതോ സമ്മർദ ഫലമായിട്ടായിയിരിക്കണം എന്ന് ഞങ്ങൾ സംശയിക്കുന്നു. സത്യം മൂടിവെക്കാൻ ഏത് ഭാഗത്തുനിന്ന് ശ്രമമുണ്ടായാലും പൊതു സമൂഹവും മാധ്യമങ്ങളും അവരുടെ ബാധ്യത നിർവ്വഹിക്കുമെന്ന് എനിക്ക് പ്രത്യാശയുണ്ട്” – അമ്മയുടെ പരാതിയിൽ പറയുന്നു.
There is no ads to display, Please add some