ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസ്സുകാരിയുടെ മൃതദേഹം സംസ്കരിച്ചു. വീടിനോട് ചേർന്ന പറമ്പലിൽ തന്നെയാണ് മൃതദേഹമടക്കിയത്. ബന്ധുവീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ നാടൊന്നാകെ കണ്ണീരോടെ ദേവേന്ദുവിനെ അവസാനമായി കാണാനൊഴുകിയെത്തി. അനുജത്തിയുടെ മരണകാരണമോ കാരണക്കാരോ ആരെന്നറിയാതെ സഹോദരിയും കണ്ണീരോടെ സമീപത്തുണ്ടായിരുന്നു. കുഞ്ഞിന്റെ പിതാവ് ശ്രീജിത്തിനെയും മുത്തശ്ശിയെയും സംസ്കാരചടങ്ങളിൽ പങ്കെടുക്കാൻ പോലീസ് വിട്ടയച്ചു. അമ്മ ഇപ്പോഴും കസ്റ്റഡിയിലാണ്. കൊലപാതകത്തിൽ ശ്രീജിത്തിന് പങ്കില്ലെന്ന നിഗമനത്തിലാണ് പോലീസ്.വെള്ളത്തിൽ വീണ് ശ്വാസംമുട്ടിയാണ് ദേവനന്ദു മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചെങ്കിലും എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നതിൽ വ്യക്തമായ മറുപടി നൽകിയിട്ടില്ല. മാതാപിതാക്കളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ട്. അച്ഛനൊപ്പമായിരുന്നു കുട്ടിയെ ഉറക്കാൻ കിടത്തിയതെന്നായിരുന്നു അമ്മ ശ്രീതുവിന്റെ മൊഴി, എന്നാൽ ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോൾ അമ്മയ്ക്കൊപ്പമായിരുന്നു കുട്ടിയെന്നായിരുന്നു വെളിപ്പെടുത്തൽ. അയൽവാസികളുടെ മൊഴികളിൽനിന്ന് ശ്രീതു പറയുന്നതിൽ കഴമ്പില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് എത്തിയത്. മൊഴികളിലെ വൈരുദ്ധ്യങ്ങൾ പരിശോധിച്ചുവരികയാണ്. സാമ്പത്തിക ബാധ്യതക്ക് അപ്പുറം മറ്റെന്തൊക്കെയോ വിഷയത്തിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

വ്യാഴാഴ്ച പുലർച്ചെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ഉയർന്നത്. തുടർന്ന്, നടത്തിയ പരിശോധനയിൽ രാവിലെ 8.15-ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽനിന്ന് കണ്ടെത്തി. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു(2) ആണ് മരിച്ചത്. അഗ്നിരക്ഷാസേനയും പോലീസും നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed