നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയ്ക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന 4 ടീമുകളാണ് പരിശോധന നടത്തുന്നത്. കൊലപാതക ശേഷം മുമ്പ് പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തിരച്ചിൽ വ്യാപിപ്പിക്കും. തിരച്ചിലിനായി നാട്ടുകാരുടെ സേവനവും പൊലീസ് തേടിയിട്ടുണ്ട്.

പ്രതിക്കായി തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മലയടിവാരത്തിലാണ് ഒളിവിൽ കഴിയുന്നതെങ്കിൽ, വിശന്നാൽ ഭക്ഷണത്തിനായി ചെന്താമര പുറത്തിറങ്ങിയേക്കുമെന്നാണ് പൊലീസ് കരുതുന്നത്. പ്രതിയുടെ വീട്ടിൽ നിന്നും പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

അതേസമയം സുധാകരന്റെയും ലക്ഷ്മിയുടെയും ഇൻ‌ക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. സുധാകരന് ശരീരത്തിൽ എട്ട് വെട്ടുകൾ ഉണ്ട്. കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിട്ടുള്ളത്. വലത് കൈ അറ്റു നീങ്ങിയിട്ടുണ്ട്. കഴുത്തിന് പിറകിലേറ്റ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ നെറ്റിക്ക് മുകളിൽ ആഴത്തിലുള്ള വെട്ടേറ്റു. കണ്ണിൽ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായത്.

കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സുധാകരന്റെ സഹോദരിയുടെ തേവർമണിയിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ചടങ്ങുകൾക്ക് ശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും.

5 വർഷം മുമ്പാണ് ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത്. 2019 ൽ സജിതയെ കൊലപ്പെടുത്തിയിട്ടും കലിയടങ്ങാതെ പ്രതി ഇന്നലെ ഭർത്താവ് സുധാകരനെയും ഭർത്യമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *